കോട്ടയത്തെ വീടുകളിലേക്ക് പച്ചക്കറിയുമായി ഹോർട്ടികോർപ്
text_fieldsകോട്ടയം: പച്ചക്കറിയുമായി ജില്ലയിലെ ആവശ്യക്കാരുടെ അടുത്തെത്തി ഹോർട്ടികോർപ്. ഫ്ലാറ്റുകൾ, ഓഫിസുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന വിൽപനശാലക്കാണ് തുടക്കമായത്. ചൊവ്വ, വെള്ളി ദിവസങ്ങളിലായാണ് നിലവിൽ വിൽപനശാലയുടെ സഞ്ചാരം. ഒരു വാഹനമാണുള്ളത്.
മറ്റൊന്നുകൂടി സജ്ജീകരിക്കും. കലക്ടറേറ്റ് കേന്ദ്രീകരിച്ച് വിൽപനശാല തുടങ്ങാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ആഴ്ചയിൽ ആറുദിവസവും സഞ്ചരിക്കുന്ന വിൽപനശാലയുടെ സേവനം ലഭ്യമാക്കാനാണ് അധികൃതരുടെ ശ്രമം.
കോവിഡ് കാലത്താണ് ഈ സംവിധാനം ആദ്യം ആരംഭിച്ചത്. ജില്ലയിലെ കർഷകരിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി വിഷരഹിത കാർഷികോൽപന്നങ്ങൾ വാങ്ങി കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഹോർട്ടികോർപ് ചെയ്യുന്നത്. വിലക്കയറ്റത്തിന്റെ കാലത്ത് ജനങ്ങൾക്ക് ഏറെ ആശ്വാസമാണ് ഹോർട്ടികോർപ് സ്റ്റാളുകൾ.
കുറുപ്പന്തറയിലെ കർഷകരിൽനിന്നാണ് കൃഷിവകുപ്പ് മുഖേന ഗുണനിലവാരം ഉറപ്പാക്കി കൂടുതൽ പച്ചക്കറികളും എടുക്കുന്നത്. പാവക്ക, വെണ്ടക്ക, പയർ, നാളികേരം, തക്കാളി എന്നിവ പാലക്കാടുനിന്നും കാരറ്റ്, കാബേജ്, കിഴങ്ങ് എന്നിവ മൂന്നാറിൽനിന്നും എടുക്കും.
ഇവിടെ സുലഭമല്ലാത്ത പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ മൈസൂരു, കോയമ്പത്തൂർ തുടങ്ങിയിടങ്ങളിൽനിന്നുമാണ് കൊണ്ടുവരുന്നത്. ‘സേഫ് ടു ഈറ്റ്’ ലൈസൻസുള്ള കർഷകരിൽനിന്നാണ് കേരളത്തിനു പുറത്തുനിന്ന് പച്ചക്കറി എടുക്കുന്നത്. ആറുമാസം കൂടുമ്പോൾ സാമ്പിൾ പരിശോധന നടത്തി വിഷരഹിതമാണെന്ന് ഉറപ്പ് വരുത്തും.
ജില്ലയിൽ ഹോർട്ടികോർപ്പിന് 10 സ്വന്തം സ്റ്റാളുകളും 25 ലൈസൻസി സ്റ്റാളുമാണുള്ളത്. ഒരു മാസം 40 ടണ്ണിനടുത്തുവരെ പച്ചക്കറി ഹോർട്ടികോർപ് സംഭരണശാലകൾവഴി ആവശ്യക്കാരിലെത്തുന്നുണ്ട്. ജില്ലയിലെ മൂന്നു ജയിലിലും പച്ചക്കറി വിതരണം ചെയ്യുന്നത് ഹോർട്ടികോർപാണ്. മാവേലിക്കരയിലെ അഗ്മാർക് സംഭരണകേന്ദ്രത്തിലെ തേനും വിതരണത്തിനുണ്ട്. സഞ്ചരിക്കുന്ന വിൽപനശാലക്കായി വിളിക്കാം: 0481 2993081, 94951 37584.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.