പൈപ്പ് പൊട്ടി വീട് തകർന്ന സംഭവം; കൈമലർത്തി അധികൃതർ
text_fieldsകോട്ടയം: ജല അതോറിറ്റി പൈപ്പ് പൊട്ടി ഭാഗികമായി തകർന്ന വീടിന് സഹായം തേടി സർക്കാറോഫിസുകൾ കയറിയിറങ്ങി ഗൃഹനാഥൻ. മള്ളൂശേരി ചെറുവള്ളിൽ സി.വി. സജീവിന്റെ വീടാണ് വെള്ളം പതിച്ച് തകർന്നത്. ഒക്ടോബർ ആറിനാണ് സംഭവം. അന്നുമുതൽ അധികൃതരുടെ കനിവ് തേടി നടക്കുകയാണ്.
വീടിനു മുന്നിലെ റോഡിൽ പൈപ്പ് പൊട്ടി വെള്ളം എതിർവശത്തെ വീടിന്റെ മേൽക്കൂരയിൽ ശക്തിയായി പതിക്കുകയായിരുന്നു. എസ്.എച്ച് മൗണ്ടിലെ ടാങ്കിൽനിന്ന് പുല്ലരിക്കുന്നിലേക്ക് ജലം എത്തിക്കുന്ന ചുങ്കം-പുല്ലരിക്കുന്ന് റോഡരികിലെ പൈപ്പാണ് തകർന്നത്.
രാവിലെ ആറിന് അയൽവാസികൾ വാതിലിൽ തട്ടിവിളിച്ചതോടെയാണ് സജീവും വീട്ടുകാരും വിവരമറിഞ്ഞത്. റോഡിന്റെ അപ്പുറത്തെ വശത്തുള്ള പൈപ്പ് പൊട്ടി വെള്ളം മുകളിലേക്കുയർന്ന് മുറ്റത്തേക്കും വീടിന്റെ മേൽക്കൂരയിലേക്കും പതിക്കുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റും സീലിങ്ങും തകർന്ന് താഴെ വീണു. വീടിനകം മുഴുവൻ വെള്ളം നിറഞ്ഞു. 20 മിനിറ്റോളം വെള്ളം പതിച്ചുകൊണ്ടിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ജല അതോറിറ്റി ജീവനക്കാരെത്തി ലൈൻ ഓഫാക്കി. സീലിങ് തകർന്ന മുറിയിലെ ടി.വി, ഒരു ഫാൻ, മൂന്ന് കിടക്ക, ഒരു കട്ടിൽ എന്നിവ നശിച്ചു.
ഒന്നരലക്ഷം രൂപയുടെ നഷ്ടം സജീവിനുണ്ടായി. കലക്ടർക്ക് പരാതി നൽകിയതനുസരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ വീട് സന്ദർശിച്ച് നഷ്ടം മനസ്സിലാക്കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. മന്ത്രി റോഷി അഗസ്റ്റിൻ, വില്ലേജ് ഓഫിസർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
സഹായം നൽകാൻ വകുപ്പില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. ഓടിട്ട വീട് അഞ്ചുവർഷം മുമ്പാണ് നവീകരിച്ചത്. 67000 രൂപയുടെ അത്യാവശ്യസാധനങ്ങൾ വാങ്ങി വീട് താൽക്കാലികമായി ശരിയാക്കി. ടിവിയും ഫാനും കട്ടിലുമടക്കം സാധനങ്ങൾ ഇനിയും വാങ്ങാനുണ്ട്. തനിക്കുണ്ടായ നഷ്ടത്തിന് ആരു മറുപടി പറയുമെന്നാണ് തിരുനക്കര സ്റ്റാൻഡിൽ ഓട്ടോറിക്ഷ തൊഴിലാളിയായ സജീവിന്റെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.