കുമരകത്ത് ഹൗസ് ബോട്ടുകൾ വീണ്ടും നിറഞ്ഞൊഴുകുന്നു
text_fieldsകോട്ടയം: ഓണാവധി ആഘോഷിക്കാൻ മലയാളികൾ കൂട്ടമായി എത്തിയതോടെ കുമരകത്ത് വീണ്ടും സഞ്ചാരികളുടെ തിരയിളക്കം. നീണ്ട ഇടവേളക്കുശേഷം ഓണദിനങ്ങളിൽ ഹൗസ് ബോട്ടുകൾ കായലിൽ നിറഞ്ഞു. സഞ്ചാരികളിൽ ചിലർ ഹൗസ് ബോട്ട് കിട്ടാതെ നിരാശരായും മടങ്ങി. ഹൗസ് ബോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടായിരുന്നു ഭൂരിഭാഗം സഞ്ചാരികളും എത്തിയത്. അല്ലാതെ എത്തിയവർക്കാണ് ബോട്ട് കിട്ടാതിരുന്നത്. അവധി ദിവസങ്ങൾ അവസാനിച്ചതോടെ വലിയ തിരക്കിന് കുറവുണ്ടായെങ്കിലും ചൊവ്വാഴ്ചയും ഹൗസ്ബോട്ട് മേഖല സജീവമായിരുന്നു. ശിക്കാര വള്ളങ്ങളിലും നിരവധിപേർ കായൽ സൗന്ദര്യം ആസ്വദിച്ചു. കോവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ കൈവിട്ടതോടെ കുമരകത്തെ ഹൗസ്ബോട്ട് മേഖല നിശ്ചലമായിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ നീക്കിയപിന്നാലെ ഓണാവധിയെത്തിയതോടെ സഞ്ചാരികൾ കായൽസൗന്ദര്യം തേടിയെത്തുകയായിരുന്നു. ഓണം ലക്ഷ്യമിട്ട് ഹൗസ്ബോട്ട് ഉടമകളും ഹോട്ടലുകളും പ്രത്യേക പാക്കേജുകളും യാത്രാ നിരക്കുകളിൽ ഇളവുകളും പ്രഖ്യാപിച്ചിരുന്നു.
നേരത്തേ കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരായിരുന്നു കുമരകത്തേക്ക് കൂടുതലായി എത്തിയിരുന്നത്. ഇത് നിലച്ചെങ്കിലും ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമുള്ള സഞ്ചാരികളെത്തി. കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയാണ് സഞ്ചാരികളെ കുമരകം വരവേല്‍ക്കുന്നത്. ബോട്ടുകളില്‍ തെര്‍മല്‍ സ്കാനറുകളും അണുനശീകരണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പരമാവധി ജീവനക്കാർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. റിസോർട്ടുകളിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.