പാലായിലെത്ര മഴ പെയ്തു? ഈ കുട്ടിക്കൂട്ടം പറയും
text_fieldsകോട്ടയം: പാലായിലും ഭരണങ്ങാനത്തും പൂഞ്ഞാറിലും കിടങ്ങൂരുമൊക്കെ പെയ്ത മഴയുടെ അളവ് എത്രയാ? മീനച്ചിൽ നദീസംരക്ഷണ സമിതിയിലെ കുട്ടി വളൻറിയർമാർ പറയും കൃത്യമായി ഇക്കാര്യം. മഴയുടെ അളവറിയാൻ ജില്ലക്ക് പഴയപോലെ ഹൈഡ്രോളജി വകുപ്പിെൻറ അറിയിപ്പ് കാത്തിരിക്കണ്ട. മുപ്പതോളം കുട്ടികളാണ് മഴമാപിനി ഉപയോഗിച്ച് മഴയുടെ അളവെടുക്കുന്നതും പൊതുജനങ്ങൾക്കായി പങ്കുവെക്കുന്നതും. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ പഠനങ്ങളുടെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. പൂഞ്ഞാർ ടൗൺ, പെരിങ്ങളം, മലയിഞ്ചിപ്പാറ, തെക്കേക്കര പാതാമ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം മഴ നിരീക്ഷണവുമായി കുട്ടികൾ രംഗത്തുണ്ട്.
വളൻറിയർമാർ രാവിലെ നിശ്ചിത സമയത്ത് മഴമാപിനി ഉപയോഗിച്ച് മഴയുടെ അളവ് ഗൂഗിൾ ഫോമിലോ വാട്സ്ആപ് ഗ്രൂപ്പിലോ രേഖപ്പെടുത്തി നൽകും. സ്കൂളുകളെ കൂടി സഹകരിപ്പിച്ച് മഴമാപിനിയുടെ പ്രവർത്തനം വിപുലമാക്കാനായിരുന്നു സമിതിയുടെ ഉദ്ദേശം. കോവിഡ് വ്യാപനം കാരണം സ്കൂളുകൾ അടഞ്ഞതിനാൽ അതു നടന്നില്ല. എന്നാൽ, ഓരോ മേഖലയിലും കുട്ടികൾ ആവേശത്തോടെ സ്വയം മുന്നോട്ടുവന്നു. കൂടാതെ അരുവിത്തുറ സെൻറ് ജോർജ് കോളജ്, കിടങ്ങൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികളും ഇതുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങൾ നടത്തുന്നുണ്ട്. കുട്ടികളെ കൂടാതെ അമ്പതോളം മുതിർന്ന വളൻറിയർമാരും മഴ-പുഴ നിരീക്ഷണത്തിനുണ്ട്. ഇവർ പങ്കുവെക്കുന്ന വിവരങ്ങൾ വെച്ചാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർ വെള്ളപ്പൊക്ക സാധ്യത കണക്കാക്കുന്നത്. നിലവിൽ മഴയുടെ അളവ്, പുഴയിലെ വെള്ളത്തിെൻറ അളവ് എന്നിവ ജനകീയ നിരീക്ഷണത്തിലൂടെ പഠിക്കുകയാണ് ചെയ്യുന്നത്.
ഈ വിവരശേഖരണത്തിലൂടെ ഒന്നോ രണ്ടോ വർഷം കൊണ്ട് പ്രളയം പ്രവചിക്കാവുന്ന അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. തദ്ദേശസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പ്രവർത്തനം. അധികൃതരും ഈ വിവരങ്ങൾ ആധികാരികമായി ഉപയോഗിച്ചുതുടങ്ങി. നിലവിൽ വാഗമൺ മുതൽ കുമരകം വരെ 50 മഴമാപിനികളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. 10 ദിവസത്തിനകം ഇത് 150 ആകും. ഇതിനായി സ്ഥലം കണ്ടെത്തൽ പൂർത്തിയായി.
500 മഴമാപിനികളും 500 വളൻറിയർമാരും എന്നതാണ് അടുത്ത ലക്ഷ്യം. പുഴയിലെ ജലനിരപ്പറിയാൻ പൂഞ്ഞാർ, പനച്ചിക്കപ്പാറ, ഈരാറ്റുപേട്ട, പനക്കപ്പാലം, ഭരണങ്ങാനം, പാലാ, അരുണാപുരം, ചേർപ്പുങ്കൽ, കിടങ്ങൂർ, പേരൂർ എന്നിവിടങ്ങളിലായി 10 സ്കെയിലുകളുമുണ്ട്. പടിക്കെട്ടുകളിലും പാലത്തിെൻറ തൂണുകളിലും മാർക്ക് ചെയ്തുകൊണ്ടുള്ള ജനകീയ സ്കെയിലുകൾ വേറെ. ഇത്തരം ജലനിരപ്പ് സ്കെയിൽ വെള്ളപ്പൊക്ക സമയത്ത് അധികൃതർക്കും പൊതുജനങ്ങൾക്കും നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകാൻ വളരെ സഹായകരമാണ്. അടുത്തഘട്ടം വെള്ളത്തിെൻറ തള്ളൽ അറിയാനുള്ള ഫ്ലഡ് ഗേജും ആറ്റിലേക്ക് എത്ര വെള്ളം എത്തുന്നു എന്നറിയാൻ വെലോസിറ്റി മീറ്ററും സ്ഥാപിക്കലാണ്. മീനച്ചിൽ നദീസംരക്ഷണസമിതിക്ക് 24 മണിക്കൂറും പ്രവർത്തനസജ്ജമായ വാട്സ്ആപ്പ് ഗ്രൂപ്പിനുപുറമെ സ്വന്തമായി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉണ്ട്.
പുഴകളില്‍ ജലനിരപ്പ് ഉയരുന്നു; ആശങ്കയോടെ പടിഞ്ഞാറന്‍ മേഖല
കോട്ടയം: ഞായറാഴ്ച പകല്‍ മഴപെയ്തില്ലെങ്കിലും പുഴകളില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല. നിലവിൽ ആറുകൾ നിറഞ്ഞിട്ടുണ്ട്. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പും ജനങ്ങളെ ഭീതിയിലാക്കുന്നു. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റിൽ പേരൂർ, നാഗമ്പടം, നീലിമംഗലം, തിരുവാർപ്പ്, കരിമ്പിൻകാലാ കടവ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊടൂരാറ്റിൽ കോടിമതയിലും ജലനിരപ്പ് വർധിച്ചു.
എന്നാല്‍, മീനച്ചിലാറ്റില്‍ പാലാ, കുമരകം മേഖലയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി ഹൈഡ്രോളജി വിഭാഗത്തിെൻറ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലയില്‍ ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള എട്ടു മണിക്കൂറില്‍ ജില്ലയില്‍ 26.2 മില്ലിമീറ്റര്‍ മഴ പെയ്തു. കോഴായിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഇവിടെ 52.8 മില്ലിമീറ്ററും കോട്ടയത്ത് 24 മില്ലിമീറ്ററും പാമ്പാടിയില്‍ 25.2 മില്ലിമീറ്ററും തീക്കോയിയില്‍ 31 മില്ലീമീറ്ററും മഴപെയ്തു. അതേസമയം, ഇന്നു ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി. വരെയുള്ള ശക്തമായ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.