മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; കാൻസർ രോഗികൾക്ക് ധാന്യകിറ്റ് പദ്ധതി മുടങ്ങില്ല
text_fieldsകോട്ടയം: കാൻസർ രോഗികൾക്ക് ധാന്യക്കിറ്റുകൾ നൽകാനുള്ള വെച്ചൂർ ഗ്രാമപഞ്ചായത്തിെൻറ പദ്ധതിക്ക് അനുമതി നിഷേധിച്ച നടപടിക്ക് മനുഷ്യാവകാശ കമീഷൻ ഇടപെടലിൽ പുനഃപരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് കമീഷനെ ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് അനുമതി നിഷേധിച്ചതായ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
2013-14 സാമ്പത്തികവർഷം മുതൽ നടപ്പിലാക്കിവരുന്ന പദ്ധതിക്ക് അനുമതി നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് 2020 ഡിസംബർ 15ന് ഉത്തരവ് നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിഹിതം ചെലവഴിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായതിനാലാണു പദ്ധതിക്ക് അനുമതി നിഷേധിച്ചതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഇക്കാര്യം പുനഃപരിശോധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
എത്രയും വേഗം നടപടി സ്വീകരിച്ച് പദ്ധതിക്ക് അനുമതി നൽകണമെന്ന് കമീഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.