ഇടക്കുന്നത്ത് ഉപതെരഞ്ഞെടുപ്പ് 28ന്; സ്ഥാനാർഥികൾ കളത്തിൽ
text_fieldsകാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് ഉപതെരഞ്ഞെടുപ്പ് 28ന് നടക്കും. സര്‍ക്കാര്‍ ജോലി ലഭിച്ച സി.പി.ഐയിലെ പഞ്ചായത്ത് അംഗം ജോളി തോമസ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇടക്കുന്നം സി.എസ്.ഐ ഭാഗത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
സീറ്റു നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും സ്ഥാനാര്‍ഥികളെ ഇറക്കിക്കഴിഞ്ഞു. എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്. സി.പി.ഐയിലെ ജോസീന അന്ന ജോസ് ഇടതു സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസിലെ മിനി സാംവര്‍ഗീസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായും മത്സരിക്കും. കഴിഞ്ഞ തവണ യു.ഡി.എഫ് വോട്ടുകള്‍ പിളര്‍ത്തി വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിലോമിനയാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി. നാമനിര്‍ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു.
ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച പത്രിക സമര്‍പ്പിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി പിണങ്ങി നില്ക്കുന്ന കേരള കോണ്‍ഗ്രസ് എം പ്രാദേശിക നേതാക്കള്‍ എൽ.ഡി.എഫ് കൺവെന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ എത്തിയിരുന്നു. ചൊവ്വാഴ്ച യു.ഡി.എഫ് കൺവെന്ഷന് നടക്കും.
എസ്.ഡി.പി.ഐക്കും നിര്‍ണായക സ്വാധീനമുള്ള വാര്‍ഡില്‍ അവരുടെ സ്ഥാനാര്‍ഥിത്വം ഇരുമുന്നണിയെ യും പ്രതിസന്ധിയിലാക്കിയേക്കും. മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് രാജിവെച്ച ഇവിടെ വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ സിന്ധു മോഹനനാണ് ആക്ടിങ് പ്രസിഡന്റ്. ഉപതെരഞ്ഞെടുപ്പു ഫലം വന്നശേഷം മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കൂ. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഷൈലജയാണ് വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.