സ്നേഹത്തിന്റെ സന്ദേശം പകർന്ന് ‘സൗഹൃദ ഇഫ്താർ സായാഹ്നം’
text_fieldsകോട്ടയം: സ്നേഹത്തിന്റെയും സമഭാവനയുടെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘സൗഹൃദ ഇഫ്താർ സംഗമം’. സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിലുള്ളവരുടെ ഒത്തുചേരലിനും വിവിധ മതങ്ങളെക്കുറിച്ച് പരസ്പരം മനസ്സിലാക്കാനുമുള്ള വേദികൂടിയായി സംഗമം മാറി. വൈകീട്ട് അഞ്ചിന് കോട്ടയം എച്ച്.എസ്.എസ് എം.ടി സെമിനാരിക്ക് എതിർവശമുള്ള എയ്ഡഡ് ടീച്ചേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ഹാളിലാണ് സംഗമം നടന്നത്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എ.എം. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം ജമാൽ പാനായിക്കുളം ഇഫ്താർ സന്ദേശം നൽകി.
മതേതരത്വം വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ജനാധിപത്യത്തെയും മതേതരത്വത്തെയും സ്നേഹിക്കുന്ന ആർക്കും ഇന്ന് ഒരുപക്ഷം പിടിക്കാതെ നിൽക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം സ്നേഹിക്കാനാണ് ഇസ്ലാം മതവും മതഗ്രന്ഥവും പഠിപ്പിക്കുന്നത്. എന്നാൽ, ന്യൂനപക്ഷങ്ങൾ അനാവശ്യമായി വേട്ടയാടപ്പെടുകയാണ്. ഭയമാണ് ഇന്ന് നമ്മളെ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യർ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇത്തരം സംഗമങ്ങൾ സഹായകമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എല്ലാ മതങ്ങളും ആഘോഷങ്ങളും പരസ്പരം സ്നേഹിക്കാനുള്ള സന്ദേശമാണ് നൽകുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.
ചാണ്ടി ഉമ്മൻ എം.എൽ.എ, കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട്, ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി, സി.എസ്.ഐ അസി. വികാരി ഫാ. മേബിൽ ജോസഫ് ഫിലിപ്പ്, തിരുനക്കര ജുമാമസ്ജിദ് ഇമാം താഹ മൗലവി അൽഹസനി, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായിൽ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ജന.സെക്രട്ടറി എ.കെ. സജീവ്, മൗണ്ട് കാർമൽ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൻ, മാർത്തോമ സെമിനാരി പ്രിൻസിപ്പൽ ഫാ. വർഗീസ്, എം.ടി.എസ്. എച്ച്.എസ്.എസ് പ്രിൻസിപ്പൽ റൂബി ജോൺ, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, വനം വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ്, യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ എന്നിവർ സംസാരിച്ചു. എം.എ. സിറാജുദ്ദീൻ ഖുർആൻ പാരായണം നടത്തി. ജമാഅത്തെ ജില്ല ജന.സെക്രട്ടറി കെ. അഫ്സൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.