കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായം നൽകും -മന്ത്രി വാസവൻ
text_fieldsകോട്ടയം: വേനൽമഴയിൽ കൃഷിനാശം നേരിട്ട ജില്ലയിലെ കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. വേനൽമഴയിൽ വെള്ളംകയറി കൃഷിനാശം നേരിട്ട ഏറ്റുമാനൂരിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.
ഭാവിയിൽ വേനൽമഴയിൽ വെള്ളക്കെട്ടുണ്ടായി കൃഷി നശിക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. കൃഷിനാശം സംബന്ധിച്ച് കാർഷിക വികസന കർഷകക്ഷേമ മന്ത്രിയുമായി സംസാരിച്ചു. വിഷയം മന്ത്രിസഭയുടെ ശ്രദ്ധയിൽപെടുത്തും. നാശനഷ്ടമടക്കമുള്ളവ തിട്ടപ്പെടുത്താൻ പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അടിയന്തരമായി സർക്കാറിന് സമർപ്പിക്കാൻ കലക്ടറോടും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് തുക അനുവദിച്ച് ഏറ്റുമാനൂർ-ചെറുവാണ്ടൂർ പാടശേഖരത്തിെൻറ പുറംബണ്ട് ബലപ്പെടുത്താൻ നടപടി സ്വീകരിക്കും. ചാലുകളുടെ ആഴം വർധിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കാൻ കൃഷി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വിളവെടുക്കാറായ പാടശേഖരത്താണ് വെള്ളം കയറിയത്. കർഷകർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
60 ഏക്കർ വരുന്നതാണ് ചെറുവാണ്ടൂർ, ചെറുവാണ്ടൂർ തെക്കുംഭാഗം പാടശേഖരം, 25 ഏക്കറുള്ള ഏറ്റുമാനൂർ, 90 ഏക്കറുള്ള പേരൂർ, 67 ഏക്കർ വരുന്ന തെള്ളകം പാടശേഖരങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. പാടശേഖര സമിതി ഭാരവാഹികളുമായും കർഷകരുമായും ജനപ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
ബണ്ട് താൽക്കാലികമായി ബലപ്പെടുത്താനും നീരൊഴുക്ക് സുഗമമാക്കാനുമുള്ള നടപടികൾ പാടശേഖരത്ത് ആരംഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഡോ. എസ്. ബീന, ജേക്കബ് പി. മാണി, എം.കെ. സോമൻ, സിന്ധു കറുത്തേടത്ത്, ബിനോയ് കെ. ചെറിയാൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രീത പോൾ, കൃഷി ഓഫിസർ ഷിജി മാത്യു എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.