ഇലവീഴാപൂഞ്ചിറയിൽ വൻ ടൂറിസം പദ്ധതി വരുന്നു
text_fieldsഈരാറ്റുപേട്ട: ഇലവീഴാപൂഞ്ചിറയിൽ വൻ ടൂറിസം പദ്ധതിക്ക് നടപടികൾ തുടങ്ങി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മേലുകാവ് പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാറിന്റെ നേതൃത്വത്തിൽ ടൂറിസം, റവന്യൂ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കനാൻനാട്-മുനിയറ ഗുഹ റോഡ്, ഇലവീഴാപൂഞ്ചിറ വ്യൂപോയന്റ് റോഡ്, ഗ്ലാസ് ബ്രിഡ്ജ്, ഹെലി ടൂറിസം, അഡ്വഞ്ചർ ടൂറിസം, റോപ് വേ, വാട്ടർ തീം പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഹാപ്പിനസ് പാർക്ക്, കേബിൾ കാർ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം ഇൻഫർമേഷൻ സെന്റർ, സ്പോർട്സ് സ്റ്റേഡിയം, വിൻഡ് പവർ, പാരാഗ്ലൈഡിങ്, ടെലിസ്കോപ്പ് ടവർ, ബോട്ടിങ്, ഹരിതകവാടം, പൊലീസ് എയ്ഡ് പോസ്റ്റ്, മിനി ചെക്ക്ഡാം, ടേക് എ ബ്രേക്ക് എന്നിവക്കായി പദ്ധതി തയാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ടുകൾ തയാറാക്കി തുടർനടപടിക്കായി ടൂറിസം മന്ത്രിക്ക് നൽകുമെന്ന് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറയുടെ സമഗ്രവികസനംകൂടി ലക്ഷ്യമിട്ടാകും പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ടൂറിസം പ്രോജക്ട് എൻജിനീയർ കെ.എസ്. സിമിമോൾ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി റോബിൻ സി. കോശി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, കെ. അനൂപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷീബാമോൾ ജോസഫ്, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി പി.എസ്. അനിൽ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ഇലവീഴാപൂഞ്ചിറ രാജ്യാന്തര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.