കോട്ടയത്ത് പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത് പാതിവഴിയിൽ മുടങ്ങിയ വികസന പ്രവൃത്തികൾ
text_fieldsകോട്ടയം: പാതിവഴിയിൽ മുടങ്ങിയ വികസന പ്രവൃത്തികൾ, അടിസ്ഥാന സൗകര്യങ്ങളുെട അഭാവം...നഗരസഭയിൽ പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത് ഒരുപിടി വെല്ലുവിളികളാണ്. ഒന്നല്ല, ഒട്ടേറെ പദ്ധതികളാണ് നഗരസഭക്ക് നാണക്കേടായി നോക്കുകുത്തികളായുള്ളത്. ഇവയിൽ അടിസ്ഥാന സൗകര്യവികസനം മുതൽ ടൂറിസം പദ്ധതികൾ വരെയുണ്ട്. പൂർണമായി പരിഹാരം കാണാനാവാത്ത ജനകീയപ്രശ്നങ്ങൾ വേറെയും. നഗരസഭയുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയങ്ങളാണിവ.
ഭരണസിമിതി മാറിയതോടെ കാര്യങ്ങൾക്ക് ഇത്തവണയെങ്കിലും മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് ജനം. നാണക്കേടാണ് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, പൊളിച്ചുപണിയാൻ പദ്ധതി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും തകർന്നുവീഴാറായ കെട്ടിടത്തിനോ കുണ്ടും കുഴിയും നിറഞ്ഞ ബസ്സ്റ്റാൻഡിനോ മാറ്റമില്ല. ശബരിമല തീർഥാടകരടക്കം നിരവധിപേർ വന്നുപോവുന്ന ബസ്സ്റ്റാൻഡാണിത്. യാത്രക്കാർക്കോ ജീവനക്കാർക്കോ ആവശ്യത്തിന് സൗകര്യങ്ങളില്ല.
ബസ്സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേക്കൊഴുകുന്നതും പതിവാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഭരണം മാറിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി ബസ്സ്റ്റാൻഡ് നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. ഹാബിറ്റാറ്റിനാണ് നിർമാണച്ചുമതല. ആധുനിക രീതിയിലുള്ള ബസ്സ്റ്റാൻഡാണ് വിഭാവനം ചെയ്യുന്നത്.
നിർമാണം പൂർത്തിയായാൽ നഗരത്തിന് അതൊരു മുതൽക്കൂട്ടാവും. എന്നാൽ, ഇതെല്ലാം പറയുന്നതല്ലാെത ഒന്നും നടപ്പാവുന്നില്ല. കാലപ്പഴക്കം ചെന്ന കെട്ടിടം ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്.
ആകാശം നോക്കി ആകാശപ്പാത
ആകാശപ്പാതയുടെ തൂണുകൾ ജനങ്ങളെ ഭീതിയിലാക്കി നഗരത്തില്‍ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തിരക്കേറിയ ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും കാൽനടക്കാർക്ക് വേണ്ടിയുമാണ് ആകാശപ്പാത വിഭാവനം ചെയ്തത്. 5.74 കോടി ചെലവിൽ നിർമിക്കുന്ന ഇതിൽ കച്ചവടസ്ഥാപനങ്ങൾ, കോഫീ ഷോപ്പ‌്, മുകളിലേക്ക് കയറാൻ എസ‌്കലേറ്റർ തുടങ്ങിയവയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
പിന്നീട് രൂപരേഖ മാറ്റിയതോടെ അതേച്ചൊല്ലി നിർമാണപ്രവർത്തനങ്ങൾ നീണ്ടു. തുരുമ്പ് പിടിച്ചുതുടങ്ങിയ തുണുകൾ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് വന്ന് പെയിൻറ് ചെയ്തതല്ലാതെ പിന്നീടൊന്നും സംഭവിച്ചില്ല. നിര്‍മാണത്തിനായി കരാറെടുത്ത കിറ്റ്കോയുടെ ചുമതലക്കാരില്‍ അടിക്കടിയുണ്ടാകുന്ന സ്ഥാനചലനമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് പിന്നിലെന്ന് പറയുന്നു.
നഗരസഭയുടെ നാലര സെൻറ് സ്ഥലത്താണ് തൂണുകൾ നിൽക്കുന്നത്. വിഭാവനം ചെയ്ത പദ്ധതി വേഗത്തിൽ നടപ്പാക്കുകയോ ആ സ്ഥലം മറ്റേതെങ്കിലും വിധത്തിൽ ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കുകയോ ആണ് വേണ്ടത്.
വെളിച്ചമില്ലാത്ത വികസന ഇടനാഴി
നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനാണ് വികസന ഇടനാഴിയായി ഈരയിൽക്കടവ് ബൈപാസ് റോഡ് നിർമിച്ചത്. കൊടൂരാറിന് കുറുകെ പാലം പണിതാണ് പൂര്‍ത്തിയാക്കിയത്. കെ.കെ റോഡില്‍നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാലത്തിലൂടെ എം.സി റോഡില്‍ എത്താന്‍ കഴിയും.
ചങ്ങനാേശ്ശരിയില്നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എം.സി റോഡില്‍ മണിപ്പുഴയിൽനിന്ന് കോട്ടയം വികസന ഇടനാഴി വഴി കെ.കെ റോഡില്‍ പ്രവേശിക്കാം. നഗരത്തില്‍ ജില്ല ആശുപത്രി ഭാഗത്തേക്ക് എത്തേണ്ടവര്‍ക്ക് മനോരമ ജങ്ഷനിലെത്തി ഇവിടേക്ക് പോവാന്‍ കഴിയും.
ആധുനിക രീതിയിൽ റോഡ് വന്നെങ്കിലും ഇതുവരെ വഴിവിളക്കുകൾ സ്ഥാപിക്കാനായില്ല. വെളിച്ചമില്ലാത്തതിനാൽ ഇവിടം ഇപ്പോഴും മാലിന്യം തള്ളാനുള്ള ഇടമാണ്. ഇരുട്ടായാൽ ഇതുവഴി സഞ്ചാരം എളുപ്പമല്ല. വെളിച്ചമില്ലാത്തത് അപകടഭീഷണിയുമുയർത്തുന്നു. രണ്ട് യുവാക്കൾ അടുത്തടുത്ത ദിവസങ്ങളിൽ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.
കരതൊടാതെ കോടിമത പാലം
ആധുനിക രീതിയിൽ നിർമിച്ച കോടിമത നാലുവരിപ്പാത തുടങ്ങുന്നിടത്ത് വർഷങ്ങളായി മറുകര തൊടാതെ നിൽക്കുകയാണ് പുതിയപാലം. മൂന്നാം സ്‌പാന്‍ നിര്‍മിക്കേണ്ട സ്ഥലത്തെ കുടുംബത്തിെൻറ പുനരധിവാസം നടപ്പാകാത്തതാണ് നിര്‍മാണം സ്‌തംഭിക്കാന്‍ കാരണം. 12 മീറ്റര്‍ വീതിയും ഇരുവശങ്ങളിൽ ഒന്നരമീറ്റര്‍ നടപ്പാതയും അടക്കം പാലം നിര്‍മിക്കാനായിരുന്നു കരാര്‍.
നിർമാണം ആരംഭിക്കുന്നതിനുമുമ്പ് പുറമ്പോക്ക് താമസക്കാരെ പുനരധിവസിപ്പിച്ച് ഭൂമി കരാറുകാരന് കൈമാറാൻ കഴിഞ്ഞില്ല. സ്ഥലം വിട്ടുകിട്ടാതെ വന്നതോടെ പാലം പാതിയിലാക്കി കരാറുകാരൻ പോയി. പുറേമ്പാക്കിലുള്ളവരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തേണ്ടത് നഗരസഭയാണ്. നഗരസഭ കണ്ടെത്തി നല്‍കിയെന്ന് പറയപ്പെടുന്ന ഭൂമി വാസയോഗ്യമല്ലെന്നാണ് പുറേമ്പാക്കിലുള്ളവരുടെ വാദം. ഇവർക്ക് പോവാനും മറ്റൊരിടമില്ല.
എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് രണ്ടാംപാലം എന്ന പദ്ധതി രൂപവത്കരിച്ചത്. പഴയ പാലത്തിെൻറ വീതിക്കുറവ് അപകടത്തിനും കാരണമാവുന്നുണ്ട്.
കോടികൾ ചെലവിട്ട കച്ചേരിക്കടവ് വാട്ടർ ഹബ്
നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പാണ് തിരുനക്കര കച്ചേരിക്കടവിൽ വാട്ടർ ഹബ് നിർമിച്ചത്. മൂന്നുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ തുറക്കാനായില്ല. കച്ചേരിക്കടവ്-കോടിമത റൂട്ടിൽ ബോട്ട് സവാരിയും ലക്ഷ്യമിട്ടിരുന്നു.
എട്ടുകോടി ചെലവിട്ട് കുട്ടികൾക്കായി പാർക്ക്, നടപ്പാത, ഇൻഫർമേഷൻ സെൻറർ, ഇരിപ്പിടങ്ങൾ, ബോട്ട് ടെർമിനൽ, ലഘുഭക്ഷണശാല തുടങ്ങിയവയാണ് വാട്ടർഹബിെൻറ ഭാഗമായി നിർമിച്ചത്. എന്നാൽ, കെട്ടിടങ്ങളെല്ലാം വെറുതെകിടന്ന് നശിക്കുകയാണ്. അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളുമെല്ലാം തകർന്നു. തോട്ടിൽ പോളനിറഞ്ഞു. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താൽ നഗരത്തിനകത്ത് നാട്ടുകാർക്ക് മികച്ച വിശ്രമകേന്ദ്രമാവും ഇത്.
സ്ത്രീസൗഹൃദമാവണം
സ്ത്രീകൾക്കായി നഗരത്തിൽ ഒരിടം വേണം. പകൽസമയങ്ങളിൽ ശുചിമുറിയടക്കമുള്ള വിശ്രമകേന്ദ്രമായും രാത്രി നഗരത്തിലെത്തുന്നവർക്ക് അഭയകേന്ദ്രമായും ഇവ പ്രവർത്തിക്കണം. സ്ത്രീകൾക്ക് എപ്പോഴും കയറിച്ചെല്ലാൻ സുരക്ഷിതത്വമുണ്ടാവണം.
നാഗമ്പടത്ത് ഇൗ ലക്ഷ്യത്തോടെ ഷീ ലോഡ്ജ് കഴിഞ്ഞ ഭരണസമിതി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും തുറന്നുനൽകിയിട്ടില്ല. സ്ത്രീകൾക്കായുള്ള ശുചിമുറികൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി തുറക്കാൻ നടപടിയുണ്ടാകണം. നാഗമ്പടം, തിരുനക്കര, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡുകളിൽ ശുചിമുറികളുണ്ടെങ്കിലും തിരക്ക് കൂടിയ ഇത്തരം സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ശുചിമുറി ഉപയോഗിക്കാൻ മടിയാണ്.
പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, തിരുനക്കര, നാഗമ്പടം ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഷീ ടോയ്ലറ്റുകൾ മിക്കവാറും അടഞ്ഞുകിടക്കുകയാണ് പതിവ്.
ചുങ്കത്തുമുപ്പത് പൊക്കുപാലം
കാരാപ്പുഴ നാടങ്കരി പാലം, പതിനാറിൽചിറ പാലം, പാറേച്ചാൽ പാലം, ചുങ്കത്തുമുപ്പത് ഇരുമ്പുപാലം, കാഞ്ഞിരം പാലം എന്നിങ്ങനെ അഞ്ച് പൊക്കുപാലങ്ങളാണ് കോട്ടയം-ആലപ്പുഴ റൂട്ടിൽ കോടിമതയിൽനിന്ന് മീനച്ചിലാറിെൻറ കൈവഴിയിലുള്ളത്. ഇതിൽ ചുങ്കത്തുമുപ്പത് പാലം ഒഴികെ ബാക്കിയെല്ലാം ബോട്ട് വരുേമ്പാൾ താൽക്കാലികമായി ഉയർത്തുന്ന പാലമാണ്. ചുങ്കത്തുമുപ്പത് ഇരുമ്പുപാലം മാത്രം വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.
മോട്ടോറും കപ്പിയും തുരുമ്പുപിടിച്ചാൽ പാലം പൊക്കാൻ കഴിയുന്നില്ല. അതോടെ ബോട്ട് സർവിസ് മുടങ്ങും. ബോട്ടിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവും. കെൽ ആണ് പാലം നിർമിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് പാലത്തിെൻറ തകരാറിനു കാരണമെന്ന് ആക്ഷേപമുണ്ട്.
മറ്റു പാലങ്ങൾപ്പോലെ ഉയർത്താവുന്ന പാലം നിർമിക്കാെമന്നിരിക്കെയാണ് കൂടുതൽ തുക ചെലവിട്ട് ഇരുമ്പുപാലം നിർമിച്ചത്. മൂന്നുലക്ഷംരൂപ അറ്റകുറ്റപ്പണിക്കായി മാത്രം ചെലവിട്ടു. കൈകൊണ്ട് ഉയർത്തുന്ന പാലം നിർമിക്കണെമന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.