വില ഏകീകരണത്തിൽ അപര്യാപ്തത; കുത്തനെ കുതിച്ച് കരിങ്കല്ല് വില
text_fieldsകോട്ടയം: വില ഏകീകരണത്തിന്റെ അപര്യാപ്തതയെ തുടർന്ന് ജില്ലയിൽ കുത്തനെ കുതിച്ച് കരിങ്കല്ല് വില. ക്വാറികളിൽ നിന്നും കരിങ്കല്ല് തൂക്കിവിൽക്കാൻ ആരംഭിച്ചതോടെയാണ് വില കുതിച്ചത്. നേരത്തേ വിറ്റിരുന്നതിനേക്കാൾ മിനി ടിപ്പറിൽ ഒരു ലോഡ് കല്ലിന് 1500 രൂപയുടെയും ടോറസിന് അയ്യായിരം രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്.
5000 മുതൽ 7000 രൂപവരെയാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽ മിനി ടിപ്പറിൽ കല്ല് വിറ്റിരുന്നത്. ജില്ലയുടെ ഓരോ ഭാഗങ്ങളിലും ഓരോ വിലയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. കോവിഡിന് ശേഷമാണ് വില കുത്തനെ ഉയർന്നത്. ക്വാറികളിൽ വേ ബ്രിഡ്ജ് സ്ഥാപിച്ച് കല്ല് തൂക്കി വിൽക്കാൻ സർക്കാർ നിർദ്ദേശിച്ചതാണ് വില വർധിക്കാൻ കാരണമായത്.
നിലവിൽ 7000 രൂപക്ക് മിനി ടിപ്പറിൽ 150 അടി കല്ല് വിറ്റിരുന്ന സ്ഥലങ്ങളിൽ ഇത്രയും കല്ല് തൂക്കി നൽകിയപ്പോൾ അത് 8500 രൂപ വരെയായി. വേ ബ്രിഡ്ജ് സ്ഥാപിച്ച ശേഷവും ക്വാറികളിൽ തോന്നിയവിലയാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്.
മുണ്ടക്കയം മേഖലയിൽ ടണ്ണിന് 750 രൂപയും ജി.എസ്.ടിയുമാണ് വാങ്ങുന്നതെങ്കിൽ ജില്ലയുടെ മധ്യമേഖലയിൽ അത് 850 രൂപയും ജി.എസ്.ടിയുമാകും. ക്വാറിയിൽ നിന്നുള്ള ദൂരപരിധി കൂടുംതോറും വില വീണ്ടും ഉയരും. വില കുത്തനെ ഉയർന്ന് ആവശ്യക്കാർ പരാതി പറഞ്ഞ് തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിലെ പാറമട ഉടമകൾ അനധികൃത മടകളിൽ നിന്ന് കല്ല് വാങ്ങി പഴയവിലയിൽ വിൽപന നടത്തുകയാണ്.
ചെറുകിട കർഷകരും സാധാരണക്കാരുമാണ് കരിങ്കല്ല് വില കുത്തനെ കുതിച്ചതോടെ വലയുന്നത്. ലൈഫ് ഉൾപ്പടെയുള്ള പദ്ധതിപ്രകാരം വീട് നിർമിക്കുന്ന പലരും ഇരട്ടി ബാധ്യതയുടെ ആഘാതത്തിലാണ്. വസ്തുവിൽ കയ്യാല പണിയുന്നവർ, വീടിന്റെയും പുരയിടത്തിന്റെയും സംരക്ഷണഭിത്തി പണിയുന്നവർ തുടങ്ങി എല്ലാ മേഖലകളിലും കരിങ്കല്ലിന്റെ വിലവർധനവ് ആഘാതമുണ്ടാക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ പുരയിടങ്ങളിൽ കയ്യാലകെട്ടി സംരക്ഷിച്ചില്ലെങ്കിൽ വ്യാപക മണ്ണിടിച്ചിലും വൻ നാശവും ഉണ്ടാകും.
എന്നാൽ കല്ലിന്റെ ദൗർലഭ്യവും കിട്ടുന്ന കല്ലിന്റെ വിലക്കൂടുതലും സാധാരണക്കാരന് തിരിച്ചടിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാറമടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമീപ ജില്ലകളിൽ നിന്നാണ് ആവശ്യക്കാർ അധികവും കരിങ്കല്ല് എത്തിക്കുന്നത്. യാർഡുകൾ പണിത് കല്ല് സംഭരിച്ച് കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഘങ്ങളും ജില്ലയിൽ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.