കൂട്ടിക്കലില്‍ സി.പി.എം നിര്‍മിച്ച 25 വീടുകളുടെ സമർപ്പണം നാളെ
text_fieldsകോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിൽ കിടപ്പാടം നഷ്ടമായ 25 കുടുംബങ്ങള്‍ക്ക് സി.പി.എം നിർമിച്ചു നല്കുന്ന വീടുകളുടെ സമർപ്പണം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഏന്തയാര്‍ ജെ.ജെ. മര്‍ഫി ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജില്ല സെക്രട്ടറി എ.വി. റസൽ വാർത്തസമ്മേളനത്തിലറിയിച്ചു. കാഞ്ഞിരപ്പള്ളി ഏരിയയിലെ മുഴുവന്‍ പാര്ട്ടിയംഗങ്ങളില്നിന്നും പണം സ്വരൂപിച്ച് കൂട്ടിക്കല്‍ ടൗണ്‍ വാര്‍ഡിലെ തേന്‍പുഴയില്‍ രണ്ടേക്കര്‍ പത്ത് സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിര്‍മിച്ചത്. ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍, തൊഴിലാളികള്‍, മറ്റ് വര്‍ഗബഹുജന സംഘടനകള്‍, സര്‍വിസ് സംഘടനകള്‍ എന്നിവരില്‍നിന്ന് പണം ശേഖരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് 2022 ഫെബ്രുവരി 24നാണ് വീടുകൾക്ക് തറക്കല്ലിട്ടത്.
രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും ബാത്ത് റൂമും അടങ്ങുന്ന വീടുകളാണ് പണിതീര്‍ത്തത്. വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിർമാണ ചുമതല. 35 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. വീടിന്റെ വൈദ്യുതീകരണത്തിന് ബ്ലോക്ക് പഞ്ചായത്ത് തുക നല്കി. ജില്ല പഞ്ചായത്ത് കുഴല്‍ക്കിണറുകളും പൈപ്പ് ലൈനുകളും സ്ഥാപിച്ചു. നിർമാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തില്‍ പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിച്ചിരുന്നു. രണ്ട് മുതല്‍ 25 വരെയുള്ള വീടുകള്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
ഒന്നാമത്തെ വീട് മാതാപിതാക്കള്‍ നഷ്ടമായ സ്വന്തമായി വീടില്ലാത്ത നഴ്സിങ് വിദ്യാർഥിനിക്കാണ് നറുക്കെടുപ്പില്ലാതെ നല്‍കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രി വി.എന്‍. വാസവന്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ജയചന്ദ്രന്, പി.കെ. ബിജു, മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്, കെ.ജെ. തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, റെജി സഖറിയ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.