കോട്ടയം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റ്, നവീകരിച്ച ഒ.പി ഉദ്ഘാടനം നാളെ
text_fieldsകോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യൻറ്, അത്യാഹിത വിഭാഗങ്ങളുടെയും ജില്ല പഞ്ചായത്ത് 2.3 കോടി ചെലവഴിച്ച് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റിെൻറയും ഉദ്ഘാടനം ഞായറാഴ്ച നടക്കും.
നവീകരിച്ച ഔട്ട് പേഷ്യൻറ്, അത്യാഹിത വിഭാഗത്തിെൻറ ഉദ്ഘാടനം 2.30ന് വിഡിയോ കോൺഫറൻസ് വഴി മന്ത്രി കെ.കെ. ശൈലജയും ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റ് ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും. കേരളത്തിൽ ആദ്യമായിട്ടാണ് ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റ് സ്ഥാപിക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷതവഹിക്കും. ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, കലക്ടർ എം. അഞ്ജന, മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, മുൻ എം.എൽ.എ വി.എൻ. വാസവൻ തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ നാലുവർഷങ്ങളിലായി ആർദ്രം ഔട്ട് പേഷ്യൻറ് വിഭാഗം നവീകരണത്തിന് ഒരുകോടി 30 ലക്ഷം രൂപയും ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റ് സ്ഥാപിക്കുന്നതിന് രണ്ടുകോടി 30 ലക്ഷവും വയോജനാരോഗ്യ പരിരക്ഷക്കായി ഒരുകോടി 80 ലക്ഷം രൂപയും പാലിയേറ്റിവ് കെയർ പദ്ധതിക്കായി 50 ലക്ഷം രൂപയും ഇേൻറണൽ റോഡ് ടാറിങ്ങിനായി 10 ലക്ഷം രൂപയും ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് 6.7 ലക്ഷം രൂപയും ഉൾപ്പെടെ 5.16 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്.നിലവിൽ 19 ഡിപ്പാർട്മെൻറുകളിലായി 74 ഡോക്ടർമാരും 500ലധികം ഇതര ജീവനക്കാരും ജോലിചെയ്യുന്നുണ്ട്.
374 കിടക്കകളും 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഉൾകൊള്ളുന്ന ആശുപത്രിയിൽ ലാബോറട്ടറി, സി.ടി. സ്കാൻ, ഡയാലിസിസ് യൂനിറ്റ്, ന്യൂറോ കെയർ, കാൻസർ കെയർ, പാലിയേറ്റിവ് കെയർ, ലാപ്രോസ്കോപിക് സർജറി, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി എന്നീ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളും ലഭ്യമാണ്.
കോവിഡ് പ്രതിരോധത്തിന് ജില്ല പഞ്ചായത്ത് ചെലവിട്ടത് രണ്ടുകോടി
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ജില്ല പഞ്ചായത്ത് ചെലവഴിച്ചത് രണ്ടുകോടിയോളം രൂപ. കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ അടിയന്തര ഭൗതിക സൗകര്യ വികസനത്തിന് ഒരുകോടിയിലധികം ചെലവഴിച്ചു. കോവിഡ് വാർഡ് ക്രമീകരിക്കുക, കോവിഡ് പ്രസവ വാർഡ് സജ്ജമാക്കുക, കോവിഡ് ശസ്ത്രക്രിയ മുറി സജ്ജീകരിക്കുക എന്നീ പ്രവർത്തനങ്ങൾക്ക് അടിയന്തര പ്രധാന്യംനൽകി വിപുലീകരിക്കുകയും സുരക്ഷിതമായി രോഗനിർണയം നടത്തുന്നതിന് സ്രവപരിശോധനക്കായി കിയോസ്ക് സജ്ജമാക്കുകയും ചെയ്തു.
ഇതിനോടകം 20,000 അധികം സാമ്പിളുകൾ പരിശോധിക്കുകയും 293 രോഗികൾ രോഗമുക്തി നേടുകയും ചെയ്തു. ലോക്ഡൗൺ കാലയളവിൽ ജില്ലയിലെ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനും അവയവമാറ്റം നടത്തിയ ആളുകൾക്ക് ജീവൻരക്ഷ മരുന്നുകൾ സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകുന്നതിനും 40 ലക്ഷം രൂപ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.