നിർമാണ സാമഗ്രികളുടെ വില വർധന; കെട്ടിട നിർമാണത്തിന് ഇരുട്ടടി
text_fieldsകോട്ടയം: നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ വൻ പ്രതിസന്ധി. ഫെബ്രുവരി മുതലാണ് ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നത്. കമ്പിയും സിമന്റുമെല്ലാം ഉയർന്നവില കൊടുത്ത് വാങ്ങണം. ഇത് സാധാരണക്കാർക്കിയിൽ സൃഷ്ടിച്ച ആശങ്കയും പ്രതിസന്ധിയും വലുതാണ്. നിശ്ചിത തുകയുമായി വീട് നിർമാണത്തിനിറങ്ങുന്ന സാധാരണക്കാർക്ക് അവരുടെ സ്വപ്നത്തിനനുസരിച്ച വീട് നിർമാണം ഇതോടെ അപ്രാപ്യമായി.
വീടുപണിയും മറ്റ് നിർമാണങ്ങളും നടത്തുന്ന സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലായത്. കരാർ എടുത്ത് നിർമാണം നടത്തുന്നവർ പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. വില വർധന കാരണം മേഖലയിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്.
ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വില വർധന പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ വീടുകൾ പണിയാൻ നൽകുന്നത്. 12 ലക്ഷം രൂപ വരെയാണ് നിർമാണച്ചെലവ്. അതിനാൽ ലൈഫ് പദ്ധതി വീട് നിർമാണം പലതും പാതിവഴിയിലായ അവസ്ഥയാണ്. സാധനങ്ങളുടെ വില മാത്രമല്ല, തൊഴിലാളികളുടെ കൂലിയും വർധിച്ചു. അന്തർസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപ എന്നതിലും നാട്ടിലെ തൊഴിലാളികളുടെ കൂലിയിലും വർധനയുണ്ടായി. അനുബന്ധ ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളായ പി.വി.സി പൈപ്പ്, ടൈൽസ്, പെയിന്റ്, വയറിങ് സാമഗ്രികൾ എന്നിവക്കും വില കുതിച്ചുയർന്നു.
കരാറെടുത്ത് വീട് പണിയുന്നതിന് 1850 രൂപ സ്ക്വയർ ഫീറ്റിന് ഉണ്ടായിരുന്നത് ഇപ്പോൾ 2400 മുതൽ 2600 രൂപയായി. അന്യസംസ്ഥാനത്ത് നിന്നുമാണ് സിമന്റ് എത്തുന്നത്. സംസ്ഥാനത്ത് വേണ്ടുന്ന സിമന്റിന്റെ 20 ശതമാനം മാത്രമാണ് മലബാർ സിമന്റ് ഉൽപാദിപ്പിക്കുന്നത്. 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 410 രൂപയാണ് വില. സിമന്റ് കട്ടക്ക് 32 രൂപയിൽനിന്നും 44 രൂപയായി ഉയർന്നു. കമ്പിയുടെ വിലയും അടിക്കടി വർധിക്കുകയാണ്. കിലോക്ക് 60 രൂപയായിരുന്ന കമ്പി വില 75 രൂപയായി.
പി.സാൻഡ് ഒരടിക്ക് 75, എം.സാൻഡ് ഒരടിക്ക് 70, മെറ്റിൽ 58, ചുടുകട്ട 11.50 പൈസ, കരിങ്കല്ല് ഒരു ലോഡ് 8500 രൂപ എന്നിങ്ങനെയാണ് വില. പാറപ്പൊടി നിലവിൽ നിർമാണത്തിന് എടുക്കുന്നില്ല. ജില്ലയിലേക്ക് ആവശ്യമായ ക്വാറി ഉൽപന്നങ്ങളെത്തിക്കുന്നത് കൂത്താട്ടുകുളം, എരുമേലി എന്നിവിടങ്ങളിൽനിന്നാണ്.
നിർമാണ സാമഗ്രികളുടെ വില വർധിച്ചതോടെ ഈ മേഖലയിലുള്ളവർ ദുരിതത്തിലാണ്. ബാങ്ക് വായ്പ ഉൾപ്പെടെ ലഭിക്കാൻ കാലതാമസമെടുക്കുന്നതും സാധാരണക്കാരെയും മേഖലയെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.