കോട്ടയം ജില്ലയില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തിൽ വര്‍ധന
text_fieldsകോട്ടയം: ജില്ലയില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2020ല്‍ 239 പേരായിരുന്നു പാമ്പുകടിയേറ്റ് ചികിത്സ തേടിയതെങ്കിൽ കഴിഞ്ഞവർഷം 307പേര് ആശുപത്രികളിലെത്തി. 2018ല്‍ വെറും 52പേര്‍ക്ക് മാത്രമാണ് ജില്ലയില്‍ പാമ്പുകടിയേറ്റത്. 2019ല്‍ 171 പേർക്കും കടിയേറ്റു. വിഷകാരികളുടെ പക്കലെത്തിയവരുടെയും സ്വയം ചികിത്സ തേടിയവരുടെ എണ്ണവും കൂടി കണക്കാക്കിയാല്‍ പട്ടികയുടെ നീളമേറും. വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റവരും ഈ കണക്കുകൾക്ക് പുറത്താണ്.
മഹാപ്രളയത്തിനുശേഷം ജില്ലയിൽ പാമ്പുകളുടെ ശല്യം വർധിച്ചതായാണ് വിലയിരുത്തൽ. കോട്ടയം നഗരസഭ, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം, കുറിച്ചി പഞ്ചായത്തുകളിലാണു പാമ്പിന്റെ ശല്യം വര്‍ധിച്ചിരിക്കുന്നത്. ഓരോ വെള്ളപ്പൊക്കത്തിലും പെരുമ്പാമ്പ് തുടങ്ങി മൂര്‍ഖന്‍ വരെ ഒഴുകിയെത്തും. വെള്ളമിറങ്ങുന്നതോടെ ഇവയെല്ലാം ജനങ്ങള്‍ക്കു ഭീഷണിയാകുകയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രളയശേഷമുള്ള കാലാവസ്ഥ വ്യതിയാനം ഇഴജന്തുക്കളെയടക്കം സാരമായി ബാധിച്ചിട്ടുണ്ടെന്നാണു വിദഗ്ധര്‍ നല്കുന്ന വിവരം. ദുരന്ത സാധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പുവിഷ ചികിത്സക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ ഒഴുകിയെത്തുന്ന വെള്ളമാണ് പ്രശ്നമെങ്കില്‍ കിഴക്കന്‍ മേഖലയില്‍ കത്തുന്ന ചൂടില്‍നിന്ന് രക്ഷതേടി പാമ്പുകള്‍ വീടിന്റെ പരിസരങ്ങളില്‍ എത്തുന്നതാണു ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. വനാതിര്‍ത്തി പഞ്ചായത്തുകളിലും പാമ്പിന്റെ ശല്യമുണ്ട്.
ഇണചേരല്‍ നടക്കുന്ന ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യം ഏറുന്നത്. പാമ്പ് കടിയേറ്റാൽ ചികിത്സക്ക് ഒരു ലക്ഷംരൂപ വരെ സഹായമുണ്ട്. മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ രണ്ടുലക്ഷം രൂപ വരെയും ലഭിക്കും. രജിസ്ട്രേഡ് മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ സഹിതം അക്ഷയകേന്ദ്രം വഴി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരവും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.