പകർച്ചവ്യാധി തടയാൻ ‘പ്രഥമം പ്രതിരോധം’ 27 മുതൽ
text_fieldsകോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തടയുന്നതിന് 27 മുതൽ ജൂൺ 21 വരെ ഊർജിത രോഗ പ്രതിരോധ നടപടി ‘പ്രഥമം പ്രതിരോധം’ എന്ന പേരിൽ നടപ്പാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. ജില്ലതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കലക്ടർ വി. വിഘ്നേശ്വരി നിർവഹിക്കും.
മഴ കനത്തതോടെ ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ജില്ല രോഗ നിരീക്ഷണ സെൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ വർധിക്കാതിരിക്കാൻ ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പ്രഥമം പ്രതിരോധം നടപ്പാക്കുക. മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന് 27, 28 തീയതികളിൽ പൊതു, സ്വകാര്യ കിണറുകൾ ഉൾപ്പെടെ എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യും. സ്വകാര്യ കിണറുകൾ വീട്ടുകാരുടെ കൂടി സഹകരണത്തോടെയായിരിക്കും ക്ലോറിനേറ്റ് ചെയ്യുക. വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും.
ജൂൺ ഒന്ന്, മൂന്ന്, നാല് തീയതികളിൽ കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി തൊഴിലിന്റെ ഭാഗമായി മലിനജല സമ്പർക്കം പുലർത്തുന്നരുടെ വീട്ടിലെത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ വിതരണം ചെയ്യും. ആശാ പ്രവർത്തകരായിരിക്കും ഗുളിക വിതരണം നടത്തുക.
ഡെങ്കിപ്പനി പ്രതിരോധത്തിനായി സ്കൂൾ, വീട്, ജോലിസ്ഥലങ്ങൾ, കൈതച്ചക്ക, റബർ തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിടനിർമാർജനം നടത്തും. 29, ജൂൺ അഞ്ച്, 12, 19 തീയതികളിൽ സ്കൂളുകൾ, 30, ജൂൺ ആറ്,13, 20 തീയതികളിൽ ജോലിസ്ഥലങ്ങൾ, തോട്ടങ്ങൾ, 31, ജൂൺ ഏഴ്,14, 21 തീയതികളിൽ വീടുകൾ എന്നിങ്ങനെയായിരിക്കും കൊതുക് നിർമാർജനം നടത്തുക. കുഞ്ഞുങ്ങൾക്ക് വയറിളക്കമുണ്ടായാൽ ഒ.ആർ.എസ് ചികിത്സ ഉറപ്പുവരുത്താൻ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുള്ള എല്ലാ വീടുകളിലും ഒ.ആർ.എസ് പാക്കറ്റുകൾ എത്തിച്ചു നൽകും. കൂടാതെ ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവരെ ഒ.ആർ.എസ് ഡിപ്പോകളായി കരുതി കൈവശം ആവശ്യത്തിന് കരുതൽ ഒ.ആർ.എസ് പാക്കറ്റുകൾ സൂക്ഷിക്കും.
കോട്ടയം ചലഞ്ച് ഡൗൺലോഡ് ചെയ്യണം
പ്രാദേശികതലത്തിൽ നടക്കുന്ന രോഗ പ്രതിരോധ പ്രവർത്തനം ക്രോഡീകരിക്കാൻ ജില്ല ഭരണകൂടത്തിനായി നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ തയാറാക്കിയ കോട്ടയം ചലഞ്ച് എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കും. വിവിധ ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കടകൾ, ഓഫിസുകൾ ഉൾപ്പെടെ ഇതര സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവർ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് 27 മുതലുള്ള ഓരോ ആഴ്ചയും തങ്ങൾ ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യണം. ശുചീകരണ പ്രവർത്തനം ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോയാണ് അപ്ലോഡ് ചെയ്യേണ്ടത്. ഏറ്റവും നന്നായി പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും ജില്ല തലത്തിൽ അവാർഡ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.