കോട്ടയം മെഡിക്കല്‍ കോളജില്‍ പകർച്ചവ്യാധി ഇൻസ്റ്റിറ്റ്യൂട്ട്: 10.72 കോടിയുടെ ഭരണാനുമതി
text_fieldsകോട്ടയം: മെഡിക്കല്‍ കോളജില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. ഇതിനായി നബാര്‍ഡ് മുഖേന 10.72 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ, കൊവിഡ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നേരിടുന്നതിന് ഓരോ മെഡിക്കല്‍ കോളജിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അനുമതി. കോട്ടയത്തിനൊപ്പം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കൂടി ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്കുകള്‍ ആരംഭിക്കും.
കോട്ടയത്ത് നാല് നിലകളുള്ള കെട്ടിടമാണ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി രണ്ട് നിലകള്‍ പൂര്‍ത്തിയാക്കും. പ്രത്യേകമായ ഐ.സി.യു സംവിധാനങ്ങള്‍ ഈ കെട്ടിടത്തിലുണ്ടാകും. ഇന്ത്യയില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ഡി.എം.ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്സിന് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ നൂതന ചികിത്സ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും ഗവേഷണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും.
കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലെ വിവിധ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ക്കായി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാൻ കിഫ്ബി ധനാനുമതി നല്‍കിയിരുന്നു 268.60 കോടിയാണ് ഇതിനായി കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.