കോട്ടയം നഗരസഭയിലെ ഫണ്ട് മാറ്റിയ സംഭവത്തിൽ അന്വേഷണം
text_fieldsകോട്ടയം: നഗരസഭയിൽ ഐ.എച്ച്.എസ്.ഡി.പി പദ്ധതിപ്രകാരം അക്കൗണ്ടിലുണ്ടായിരുന്ന ഒരുകോടി രൂപ കൗൺസിൽ അനുമതി കൂടാതെ സിറ്റി യൂനിയൻ ബാങ്കിലേക്ക് മാറ്റിയതിൽ വിശദ അന്വേഷണത്തിന് ശിപാർശ ചെയ്ത് 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. തുക മാറ്റിയത് വിവാദമായിരുന്നു.
പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ചെയർപേഴ്സൻ തുക തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 1,85,29,934 രൂപയാണ് ഐ.എച്ച്.എസ്.ഡി.പി പദ്ധതിപ്രകാരം പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്നത്. അക്കൗണ്ട് ക്ലോസ് ചെയ്യാനും അവശേഷിക്കുന്ന തുക പലിശസഹിതം കുടുംബശ്രീ മിഷൻ അക്കൗണ്ടിൽ നിക്ഷേപിക്കാനും നിർദേശമുണ്ടായിരുന്നു. അതനുസരിച്ച് 85,60,808 രൂപ കുടുംബശ്രീക്ക് കൈമാറി. ബാക്കി തുക മുനിസിപ്പാലിറ്റി വിഹിതമാണെന്നാണ് ഫയലിൽ രേഖപ്പെടുത്തിയിരുന്നത്. വികസന ഫണ്ടിൽനിന്ന് വകയിരുത്തിയ തുകയാണ് ഇതെന്ന് പരിശോധനയിൽ വ്യക്തമായി. നഗരസഭയിൽ ഭവനനിർമാണ പദ്ധതിയായ പി.എം.എ.വൈയിലേക്ക് തുക ഉൾപ്പെടുത്തി വിനിയോഗിക്കാൻ പ്രപ്പോസൽ തയാറാക്കാൻ പി.എം.എ.വൈ മാനേജരെ ചുമതലപ്പെടുത്തി 2020ൽ കത്ത് നൽകി. ഇതിന്‍റെ തുടർനടപടികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നൽകിയ ഓഡിറ്റ് അന്വേഷണത്തിന് മറുപടി ലഭ്യമാക്കിയിട്ടില്ല. ഈ നിർദേശം നിലനിൽക്കെയാണ് സെക്രട്ടറിയുടെ ആവശ്യപ്രകാരം തുക സിറ്റി യൂനിയൻ ബാങ്ക് കോട്ടയം ശാഖയിലെ അക്കൗണ്ടിലേക്ക് 2021 മാർച്ചിൽ മാറ്റിയത്.
പെയർപേഴ്സന്‍റെ നിർദേശമനുസരിച്ച് തുക തിരികെ പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത് എന്നും ഇതിനുള്ള മുനിസിപ്പൽ കൗൺസിലിന്‍റെ തീരുമാനവും ഫയലിൽ ലഭ്യമല്ല. മിനിറ്റ്സ് ബുക്കിലും വിവരം ഇല്ല. കമ്മിറ്റി തീരുമാനം പരിശോധനക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തിട്ടില്ല. വികസനഫണ്ടിൽനിന്ന് ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിലേക്ക് 2017ൽ മുനിസിപ്പൽ വിഹിത ഇനത്തിൽ നൽകിയ തുക സഞ്ചിതനിധിയിലേക്ക് തിരിച്ചടക്കുകയോ സർക്കാറിന്‍റെ അനുമതി വാങ്ങി സമാന പദ്ധതികൾക്ക് വിനിയോഗിക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഈ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.