ഇനിയെന്നുകാണും നമ്മൾ തിയറ്ററിൽ സിനിമ..
text_fieldsകോട്ടയം: ഹൗസ്ഫുള് ഷോകളുമായി നിറഞ്ഞോടേണ്ടിയിരുന്ന രണ്ട് ഓണക്കാലം കഴിഞ്ഞു. ഇനിയെന്നുതുറക്കും സിനിമ തിയറ്ററുകൾ... സിനിമ പ്രേമികൾ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന നിരവധി കുടുംബങ്ങളും ചോദിക്കുന്നു.
ഒന്നരവർഷം കഴിഞ്ഞ് തിയറ്ററുകൾ അടഞ്ഞിട്ട്. ഇതിനിടെ തുറന്നത് വെറും മൂന്നുമാസം മാത്രം. 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ആദ്യം നിര്‍ത്തിയത് തിയറ്ററുകളുടെ പ്രവര്‍ത്തനമായിരുന്നു. പിന്നീട്, 10 മാസത്തിനുശേഷം തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും പകുതി സീറ്റുകളില്‍ മാത്രമെന്ന കര്‍ശന നിബന്ധനയുണ്ടായിരുന്നു.
വിനോദനികുതി അടക്കം ഇളവുകൾ നൽകിയാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. നിയന്ത്രണങ്ങളോടെ, 2021 ജനുവരി 13ന് തുറന്നുവെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ 17ന് വീണ്ടും അടച്ചു. ഏറ്റവും അവസാന കോവിഡ് അവലോകന യോഗത്തിലും തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാക്കി എല്ലാ മേഖലക്കും ഇളവുകള്‍ അനുവദിച്ചപ്പോള്‍ തിയറ്റര്‍ മേഖലയെ മനഃപൂര്‍വം അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
ജില്ലയിൽ 20 തിയറ്ററുകൾ
ജില്ലയില്‍ ഇരുപതിലേറെ തിയറ്ററുകളും ഇവിടങ്ങളിലായി മുപ്പതിലേറെ സ്ക്രീനുകളിലുമാണ് പ്രദര്‍ശനം നടന്നിരുന്നത്. ഓരോ തിയറ്ററുമായി ബന്ധപ്പെട്ട് പത്തിലേറെ ജീവനക്കാര്‍ ജോലിചെയ്തിരുന്നു. ഇവർക്കെല്ലാം കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായി. തിയറ്റര്‍ വൃത്തിയാക്കുന്നതിനും േപ്രാജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും മാത്രം ഒന്നോ രണ്ടോ ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. അവർക്ക് ശമ്പളം നൽകാൻ വരുമാനവുമില്ല. ലക്ഷങ്ങളുടെ വൈദ്യുതി ബില്ലിന് പുറമെ സ്ഥിരമായ അറ്റുകറ്റപ്പണികളുടെ ചെലവ് വേറെ. മോഹന്‍ലാലിെൻറ 'മരക്കാര്‍' സിനിമ ഓണത്തിന് പ്രദര്ശനത്തിനുവരുമെന്നും പ്രതിസന്ധി അപ്പാടെ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമകള്‍.
എന്നാല്‍, തിയറ്ററുകളില്‍ ബുക്ക് ചെയ്ത ചിത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ റീലിസിനുപോയതു തിരിച്ചടിയായി. കോടികള്‍ മുടക്കി തിയറ്റര്‍ നിര്‍മിച്ചവരും നവീകരിച്ചവരുമെല്ലാം വെട്ടിലായി. ബാങ്കില്‍ നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക വായ്പയെടുത്തവരാണു തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.