താൽക്കാലികമായി നിർമിച്ച ചാപ്പലിൽ കുർബാനയർപ്പിച്ച് യാക്കോബായ വിശ്വാസികൾ
text_fieldsകോട്ടയം: മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ജില്ല ഭരണകൂടം ഏറ്റെടുത്തതിെനത്തുടർന്ന് തിരുവാർപ്പിലെ യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ താൽക്കാലികമായി നിർമിച്ച സ്ഥലത്ത് കുർബാന അർപ്പിച്ചു.
ഇടവകാംഗത്തിെൻറ കെട്ടിടത്തിൽ താൽക്കാലികമായി ഒരുക്കിയ ചാപ്പലിലാണ് കുർബാന അർപ്പിച്ചത്. ഇടവകാംഗവും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത കുർബാനക്ക് മുഖ്യകാർമികത്വം വഹിച്ചു. വികാരി സഞ്ജു മാനുവൽ കിടങ്ങേത്ത് സഹകാർമികനായി.
ആത്മാവിനെ നഷ്ടപ്പെടുത്താതെ പിതാക്കന്മാർ നൽകിയ സത്യവിശ്വാസം സംരക്ഷിച്ച് മുന്നോട്ടു പോകുമെന്നും പള്ളികൾ പിടിച്ചെടുക്കുന്ന നടപടിയെ മറുവിഭാഗത്തിലെ വിശ്വാസികൾതന്നെ ചോദ്യം ചെയ്യണമെന്നും മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പള്ളിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് നിർമിച്ച് കുർബാന അർപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.
അടുത്ത ഞായറാഴ്ച താൽക്കാലിക ഷെഡിൽ ആരാധന നടത്താനുള്ള ശ്രമത്തിലാണ് ഇടവക. പള്ളി ഏറ്റെടുത്തതിനെതിരെ തിരുവാര്പ്പില് തോമസ് മാര് അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത നടത്തുന്ന സഹനസമരത്തിന് പിന്തുണയുമായി മൂന്നാം ദിനമായ ഞായറാഴ്ചയും നിരവധി വിശ്വാസികൾ എത്തി.
ക്നാനായ സുറിയാനി സഭയിലെ കുര്യാക്കോസ് മാർ ഇവാനിയോസ്, സാഹിത്യകാരൻ കൊല്ലം പണിക്കർ, രാജ്മോഹൻ വെട്ടിക്കുളങ്ങര, ഫാ. അജീഷ് പുന്നൻ, ഫാ. തോമസ് പൂതിയോട്ട്, ഫാ. ബാബു വർഗീസ്, ഫാ. തോമസ് വേങ്കടത്ത്, ഫാ. ടിജോ കട്ടപ്പന, ഫാ. തോമസ് പള്ളിയമ്പിൽ, ഫാ. നോബി ആലുവ, ഫാ. സഞ്ജു മാനുവൽ, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.