ജൽ ജീവൻ മിഷൻ; ഏഴു പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള കണക്ഷൻ
text_fieldsകോട്ടയം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ ജില്ലയിലെ ഏഴു പഞ്ചായത്തിൽ നൂറുശതമാനം കുടിവെള്ള കണക്ഷൻ നൽകി.
ആർപ്പൂക്കര, കുമരകം, തലയാഴം, വെച്ചൂർ, ടി.വി. പുരം, തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായെന്നു കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ജല ശുചിത്വ മിഷൻ (ഡി.ഡബ്ല്യു.എസ്.എം) യോഗം വ്യക്തമാക്കി. ഏപ്രിൽ 18 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ 2,024,69 വീടുകളിലാണ് കുടിവെള്ള കണക്ഷൻ നൽകിയത്; 46.36 ശതമാനം. ജില്ലയിൽ 4,82,878 ഗ്രാമീണ വീടുകളാണ് ഉള്ളത്. ജൽ ജീവൻ മിഷൻ പദ്ധതിക്കു മുമ്പ് ഇതിൽ 1,09,944 (22.77 ശതമാനം) വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നു. ശേഷിക്കുന്ന 3,72,934 വീടുകളിൽ ഇതുവരെ 92525 (24.81 ശതമാനം) പുതിയ കണക്ഷനുകൾ ജൽ ജീവൻ പദ്ധതിപ്രകാരം നൽകി. ഇതുകൂടാതെ 16515 കണക്ഷനുകൾ കൂടി(എച്ച്.ടി.സി.) ലഭ്യമാക്കിയിട്ടുണ്ട്.3,72,934 കണക്ഷനുകൾ നൽകാൻ 3860 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. പദ്ധതിക്കായി ഓവർഹെഡ് ടാങ്കുകൾ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതാണ് പദ്ധതി പൂർത്തിയാക്കലിനു വെല്ലുവിളിയായി തുടരുന്നത്. 26 ഇടങ്ങളിലായി 231 സെന്റ് സർക്കാർ ഭൂമി ഏറ്റെടുക്കേണ്ടതിൽ നാലിടത്തായി 22 സെന്റ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 138 സ്ഥലങ്ങളിലായി 1266 സെന്റ് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതിൽ 12 സ്ഥലങ്ങളിലായി 263 സെന്റ് ഭൂമിയേ ഇതുവരെ ഏറ്റെടുക്കാനായിട്ടുള്ളു. യോഗത്തിൽ ജല അതോറിറ്റി കോട്ടയം പി.എച്ച്. സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ പി.എസ്. പ്രദീപ്, ജല അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഡി. ബിജീഷ്, കെ. സുരേഷ്, എ. മുഹമ്മദ് റഷീദ്, എസ്.ജി. കാർത്തിക, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗീത അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.