ജൽജീവൻ മിഷൻ: ജില്ലയിൽ 1000 കോടിയുടെ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ
text_fieldsകോട്ടയം: കരാറുകാർ സമരം പ്രഖ്യാപിച്ചതോടെ ജില്ലയിലെ 1000 കോടിയോളം രൂപയുടെ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. ജില്ലയിൽ 40 കരാറുകാർക്കായി സർക്കാർ നൽകാനുള്ളത് 200 കോടിയോളം രൂപയാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സ്വപ്നപദ്ധതിയായ കോട്ടയം ഡിവിഷന്റെ കീഴിൽ ഉൾപ്പെടുന്ന മലങ്കര പ്രോജക്ടുമായി ബന്ധപ്പെട്ട ജൽജീവൻ മിഷൻ പ്രവൃത്തികളും നിലച്ചു. പദ്ധതിക്കായി സർക്കാർ തുക നൽകാത്തതതും പൊതുമരാമത്ത്-ജല വകുപ്പുകളുടെ നിസ്സഹകരണവും മൂലം കരാറുകാർ സമ്മർദ്ദത്തിലാണ്.
മലങ്കര പ്രോജക്ടിന്റെ കീഴിലുള്ള ജൽജീവൻ നിർമാണങ്ങൾ ഏറ്റെടുത്ത കരാറുകാർക്കാണ് കൂടുതൽ തുക മുടങ്ങിയിരിക്കുന്നത്. മതിയായ രീതിയിൽ ബാങ്കിടപാടുകൾ നടക്കാത്തതിനാൽ ഇവരുടെ അക്കൗണ്ടുകളും നിശ്ചലമായി. ഇതോടെ ഇന്ധനം നിലച്ച വാഹനത്തിന്റെ അവസ്ഥയിലായി പദ്ധതിയും കരാറുകാരും. പദ്ധതിക്കായുള്ള പൈപ്പിന്റെ വിതരണം ഉൾപ്പെടെ നടത്തുന്നത് കരാറുകാരാണ്. മലങ്കര പ്രോജക്ടിനായി 10,000 രൂപയോളം വിലയുള്ള 1000 മില്ലിമീറ്ററിന്റെ പൈപ്പുകളാണ് വാങ്ങിയത്. ഇത്തരത്തിലുള്ള പൈപ്പുകൾ കിലോമീറ്ററോളം ദൂരത്തിൽ ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നിയമസഭയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉന്നയിച്ചെങ്കിലും വ്യക്തമായി മറുപടി ലഭിച്ചില്ല.
തദ്ദേശഭരണസ്ഥാപനങ്ങളിൽ നിന്നുള്ള ഗ്രാൻഡുകൾ സർക്കാറുകളിലേക്ക് കൂട്ടിച്ചേർത്താണ് കേന്ദ്രസർക്കാറിനൊപ്പം സംസ്ഥാന സർക്കാർ 50 ശതമാനം വിഹിതം പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിന് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താക്കൾ എന്നിങ്ങനെയാണ് പദ്ധതിവിഹിതം നടത്തിയിരുന്നത്.
പ്ലാന്റ്, കിണറുകൾ, ടാങ്ക്, എന്നിവയുടെ നിർമാണവും പൈപ്പിടലും ഉൾപ്പെടെയുള്ള പ്രവൃത്തികളും വിവിധ പഞ്ചായത്തുകളിലായി നടക്കാനുണ്ട്.
ഒരുവർഷം മുമ്പ് കരാറുകാരുടെ ബില്ലുകൾ മാറി വരുന്നതിനിടെയാണ് സർക്കാർ മുൻഗണന ലിസ്റ്റിലുള്ളവർക്ക് പ്രധാന്യം നൽകിയത്. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സാധാരണ കരാറുകാർ ലിസ്റ്റിൽ നിന്ന് പിന്തള്ളപ്പെട്ടു. ജല അതോറിറ്റി വകമാറ്റി നൽകിയത് സാധാരണ കരാറുകാരുടെ പ്രതീക്ഷക്ക് പ്രഹരമേൽപിച്ചു. നിലവിൽ സംസ്ഥാനത്തെ കരാറുകാരിൽ 7570 പേരുടെ ലിസ്റ്റിൽ ഇതുവരെ 3165 പേർക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് നടക്കുന്ന സംസ്ഥാന ബജറ്റിൽ കരാറുകാർക്ക് അനുകൂലമായി നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കരാറുകാരുടെ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.