കടക്കൂ പുറത്ത്..., കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടത്തിൽ നിന്ന് ജവഹർ ബാലഭവനെ ഒഴിപ്പിക്കുന്നു
text_fieldsകോട്ടയം: 52 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടത്തിൽനിന്ന് ജവഹർ ബാലഭവനെ ഒഴിപ്പിക്കുന്നു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലൈബ്രറി ഭാരവാഹികൾ സംസ്ഥാന സർക്കാറിന് കത്തുനൽകുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തു.
ബാലഭവൻ പ്രവർത്തനത്തിന് നഗരസഭ പരിധിയിൽതന്നെ വാടകക്കെട്ടിടം അന്വേഷിക്കുകയാണ്. നിലവിലെ ഡയറക്ടർ ബോർഡിന്റെ പിടിപ്പുകേടാണ് ബാലഭവൻ കെട്ടിടം ഒഴിപ്പിക്കുന്നതിന് പിന്നിലെന്നാണ് ലൈബ്രറി ഭാരവാഹികൾ പറയുന്നത്.
സർക്കാർ പ്രതിനിധികളായി അഞ്ചുപേരും പബ്ലിക് ലൈബ്രറിയുടെ പ്രതിനിധികളായി അഞ്ചുപേരും അടങ്ങുന്ന 10 പേരുടെ ഡയറക്ടർ ബോർഡാണ് ഭരണം നടത്തുന്നത്. പത്തുപേരും യോഗത്തിൽ പങ്കെടുത്താലേ തീരുമാനങ്ങളെടുത്ത് നടപ്പാക്കാൻ കഴിയൂ. എന്നാൽ, സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ ഡയറക്ടർ ബോർഡ് യോഗം ചേരാനാവുന്നില്ല.
ഇതുമൂലം ബാലഭവന്റെ പ്രവർത്തനം തടസ്സപ്പെട്ട സാഹചര്യത്തിലാണ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കാനും കുട്ടികളുടെ ലൈബ്രറി വിപുലീകരിക്കാനും തീരുമാനിച്ചത്. പൊതുയോഗത്തിൽ ജവഹർ ബാലഭവൻ പബ്ലിക് ലൈബ്രറി ഏറ്റെടുക്കണമെന്ന് അഭിപ്രായവും ഉയർന്നിരുന്നു.
ബാലഭവൻ നടത്തുന്ന കോഴ്സുകളെല്ലാം കുട്ടികളുടെ ലൈബ്രറിയിൽ നടത്തുമെന്ന് പബ്ലിക് ലൈബ്രറി പ്രതിനിധികൾ പറയുന്നു. ഇതിനെതിരെ ബാലഭവൻ ജീവനക്കാരും രംഗത്തെത്തി.
ജവഹർ ബാലഭവനും കുട്ടികളുടെ ലൈബ്രറിയും
1967 ആഗസ്റ്റ് 15ന് മഹാകവി ജി. ശങ്കരക്കുറുപ്പ് തറക്കല്ലിടുകയും 1969 ജൂൺ ആറിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഫ. വി.കെ.ആർ.വി. റാവു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത കെട്ടിടത്തിലാണ് അന്ന് മുതൽ ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി പ്രവർത്തിക്കുന്നത്. അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഡി.സി. കിഴക്കേമുറിയുടെ നേതൃത്വത്തിലാണ് നിലവിലെ കെട്ടിടം നിർമിച്ചത്. ലോട്ടറി നടത്തിയതിന്റെ ലാഭം കൊണ്ടാണ് ഇതിന് പണം കണ്ടെത്തിയത്. ഒരേക്കർ 12 സെന്റ് സ്ഥലം ബാലഭവന് പബ്ലിക് ലൈബ്രറി വിട്ടുനൽകി. ബാലഭവൻ സൊസൈറ്റി ഓഫ് ഇന്ത്യ (ഡൽഹി) നൽകിയ ഒരുലക്ഷം രൂപ ഉപയോഗിച്ച് വാദ്യോപകരണങ്ങൾ വാങ്ങി.1985 വരെ വിദ്യാഭ്യാസ വകുപ്പിന്റ ധന സഹായത്താലും 1956 മുതൽ സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നത്.
ബാലഭവൻ ഇല്ലാതാക്കാൻ ശ്രമം –ജീവനക്കാർ
കോട്ടയം: ജവഹർ ബാലഭവൻ ഇല്ലാതാക്കാൻ ശ്രമമെന്ന് ജവഹർ ബാലഭവൻ ജീവനക്കാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വർഷങ്ങളായി മാനേജിങ് കമ്മിറ്റി കൂടാറില്ല. പുതിയ നിയമനങ്ങൾ വരെ കമ്മിറ്റി അംഗീകാരമില്ലാതെയാണ് നടത്തിയത്. മുഴുവൻ ധനസഹായവും സർക്കാർ നൽകുമ്പോൾ ബാലഭവൻ വേണ്ടെന്നുവെക്കാനുള്ള പബ്ലിക് ലൈബ്രറിയുടെ തീരുമാനം സാധാരണക്കാരായ കുട്ടികൾക്കും കലാകാരന്മാരായ ജീവനക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. കോട്ടയത്ത് കലാകാരന്മാരെ സൃഷ്ടിക്കുന്ന ഈ സ്ഥാപനം ഇല്ലാതാക്കാനാണ് ശ്രമം. മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി, സംസ്കാരിക വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് ജീവനക്കാർ പരാതി നൽകിയിട്ടുണ്ടെന്ന് പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ്, വി.ജി. ഹരീന്ദ്രനാഥ്, വി.ജി. ഉപേന്ദ്രനാഥ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.