ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ സ്ഥാനലബ്ധി; കാഞ്ഞിരപ്പള്ളിക്ക് സന്തോഷനിമിഷം
text_fieldsകാഞ്ഞിരപ്പള്ളി: ജസ്റ്റിസ് ഹാറൂണ്‍ റഷീദിെൻറ പുതിയ സ്ഥാനലബ്ധി കാഞ്ഞിരപ്പള്ളിക്ക് സന്തോഷ നിമിഷമായി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ കുടുംബാംഗമായ ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കേരള ഉപലോകായുക്തയായി ചുമതലയേറ്റതാണ് അഭിമാനകരമായത്.
കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ തോട്ടുമുഖം ലെയ്നില്‍ തേനംമാക്കല്‍ പരേതരായ ഇസ്മായില്‍ റാവുത്തറുടെയും ആയിഷ ഉമ്മാളിെൻറയും മകനാണ് ഹാറൂണ്‍ അല്‍ റഷീദ്. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം അധികാരം ഏറ്റെടുത്തു. 2014ല്‍ ഹൈകോടതിയില്‍നിന്ന് വിരമിച്ച ഹാറൂണ്‍ അല്‍ റഷീദ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷമീല. മകന്: താരിഖ് അമേരിക്കയിലും മകള്‍ തജ്നു ഇംഗ്ലണ്ടിലും ജോലി ചെയ്യുന്നു.
തിരുവനന്തപുരം ലോ കോളജില്‍നിന്ന് ബിരുദം നേടി 1979ല്‍ എൻറോള്‍ ചെയ്ത ഹാറൂണ്‍ അല്‍ റഷീദ്, ഇടുക്കിയിലും തൊടുപുഴയിലും അഭിഭാഷകനായി സേവനം ചെയ്തു. 1981ലാണ് ഹൈകോടതിയില്‍ അഡ്വക്കറ്റ് ആയി ജോലിയില്‍ പ്രവേശിച്ചത്. 2007ല്‍ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജി ആയി ചുമതലയേറ്റ് 2009ല്‍ പൂര്‍ണ ചുമതലയുള്ള ജഡ്ജിയായി. കെ.എസ്.ഇ.ബി, കൊല്ലം ഡെവലപ്മെൻറ് ബോര്‍ഡ്, ടി.ആര്.ഐ.ഡി.എ എന്നിവയുടെ കോണ്‍സല്‍ ആയി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്താണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.