പകൽനേരം വാതിലടഞ്ഞ് പകൽവീട്
text_fieldsകോട്ടയം: നഗരത്തിന്റെ ഹൃദയഭാഗത്ത് നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ. കരുണാകരൻ സ്മാരക പകൽവീടിന്റെ പ്രവർത്തനം നിലച്ചനിലയിൽ. 2014ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച പകൽവീടാണ് ഇപ്പോൾ പൂട്ടുവീണ അവസ്ഥയിലായത്.
വയസ്കരയിലാണ് പകൽവീട് സ്ഥിതിചെയ്യുന്നത്. വൃദ്ധജനങ്ങളുടെ ക്ഷേമവും പരിപാലനവും ലക്ഷ്യമാക്കിയാണ് നഗരസഭ പകൽവീടിന് തുടക്കം കുറിച്ചത്. വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽ നിന്ന് മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനൊരിടം എന്ന ആശയത്തോടെയാണ് പകൽവീട് വിഭാവനം ചെയ്തിരിക്കുന്നത്.
ടി.വി കാണുന്നതിനുള്ള സൗകര്യവും വിശ്രമവേളകൾ ചെലവഴിക്കാൻ കാരംസ്, ചെസ് തുടങ്ങിയ വിനോദോപാധികളിൽ ഏർപ്പെടാനും പകൽവീട്ടിൽ സൗകര്യമുണ്ടായിരുന്നു.
പ്രായമായവരുടെ സംഘടനകളുടെ യോഗങ്ങളും ഇവിടെ നടത്തിയിരുന്നു. ഇടക്കാലത്ത് നഗരത്തിൽ ‘വിശപ്പുരഹിത കോട്ടയം പട്ടണം’ പദ്ധതിയുടെ ഭാഗമായി പകൽവീട്ടിൽ സൗജന്യ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.
എന്നാൽ, പകൽവീടിന്റെ പ്രവർത്തനങ്ങൾ നിലച്ചതോടെ ഇവിടം കേന്ദ്രീകരിച്ച് നടത്തിയിരുന്ന പദ്ധതികളും നിലച്ചു. ഇതോടെ ഇവിടേക്ക് ആരും എത്താതെയുമായി.
നഗരസഭ അധികൃതർ തിരിഞ്ഞുനോക്കാത്തതാണ് പകൽവീടിന്റെ പ്രവർത്തനം നിലച്ചുപോകാൻ കാരണമെന്ന ആക്ഷേപമുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടവും ഇപ്പോൾ അവഗണനയുടെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.