കോട്ടയം ജില്ലയിൽ 183 വീടുകളിൽ കെ-ഫോൺ കണക്ഷൻ
text_fieldsകോട്ടയം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയിൽ ജില്ലയിൽ 183 വീടുകളിൽ കണക്ഷൻ.
ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാൻ ജില്ലയിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ 943 ബി.പി.എൽ വീടുകളാണ് തെരഞ്ഞെടുത്തത്. ഇതിലാണ് 183 വീടുകളിലേക്ക് കണക്ഷൻ എത്തിച്ചത്. ബാക്കിയുള്ളവർക്ക് ജൂൺ 30നകം കെ-ഫോൺ കണക്ഷൻ ലഭിക്കും. ജില്ലയിൽ 1900 സർക്കാർ സ്ഥാപനങ്ങളിൽ 1176 ഇടത്ത് കെ-ഫോൺ വഴി ഇന്റർനെറ്റ് സൗകര്യം എത്തിച്ചുകഴിഞ്ഞു. മറ്റിടങ്ങളിൽ കണക്ഷൻ പൂർത്തീകരണം അന്തിമഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.
കെ-ഫോണിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫിസിലെ അധികൃതരുമായി മുഖ്യമന്ത്രി തത്സമയം സംവദിക്കും.
ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലത്തിലും ഉദ്ഘാടനം നടക്കും. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ വൈകീട്ട് മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയം നിയോജകമണ്ഡലത്തിൽ വൈകീട്ട് മൂന്നിന് മൂലേടം എൻ.എസ്.എം.സി.എം.എസ്.എൽ.പി സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതുപ്പ ള്ളി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് നിർവഹിക്കും.
ചങ്ങനാശ്ശേരി മണ്ഡലത്തിൽ കുറിച്ചി ഇത്തിത്താനം ഗവ. എൽ.പി സ്കൂളിൽ വൈകീട്ട് 4.30ന് ജോബ് മൈക്കിൾ എം.എൽ.എയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം പേട്ട സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലും നടക്കും.പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടക്കുന്ന ചടങ്ങ് വൈകീട്ട് മൂന്നിന് പൂഞ്ഞാർ ഗവ. എൽ.പി സ്കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും.
പാലായിലെ ഉദ്ഘാടനം ളാലം ഗവ. എൽ.പി സ്കൂളിൽ വൈകീട്ട് മൂന്നിന് മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. വൈക്കത്തെ ഉദ്ഘാടനം കല്ലറ പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ വൈകീട്ട് മൂന്നിന് നടക്കും.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈകീട്ട് മൂന്നിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.