കെ റെയിൽ: ചീറിപ്പാഞ്ഞ് വിവാദം
text_fieldsകോട്ടയം: വികസനത്തിന്റെ പേരിൽ ജനങ്ങളെ ചുറ്റിക്കുന്നത് വഞ്ചനയാണെന്ന് കേരള ജനപക്ഷം പാർട്ടി സെക്കുലർ ചെയർമാൻ പി.സി. ജോർജ്. കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ മനസ്സുമാറ്റാൻ വാരിക്കോരി അനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്. രണ്ടുലക്ഷം കോടി രൂപയെങ്കിലും ചെലവുവരുന്ന പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പി.സി. ജോർജ് കോട്ടയത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജപ്പാൻ ഉപേക്ഷിച്ച കെ റെയിൽ, സിൽവർ ലൈൻ പദ്ധതിയുമായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി സ്വയം അപഹാസ്യനായിരിക്കുകയാണ്. കേരളത്തിന് നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതിയുമായി മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പി.സി. ജോർജ് ആരോപിച്ചു.
ചര്‍ച്ചചെയ്യേണ്ടത് നിയമസഭയില്‍ -വി.ജെ. ലാലി
കോട്ടയം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താതെ വരേണ്യവര്ഗത്തില്നിന്ന് ചിലരെയും പാര്‍ശ്വവര്‍ത്തികളെയും വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കലാണെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി. നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കുറേപ്പേരെ വിളിച്ചുകൂട്ടി പിന്തുണ പിടിച്ചുവാങ്ങുന്ന നിലപാട് ശരിയല്ല. ഇത് ഏകാധിപതിയുടെ ശൈലിയാണ്. പുനരധിവാസ പാക്കേജ് പ്രധാന പ്രശ്നമായി അവതരിപ്പിച്ചുകൊണ്ടുവരുന്ന മുഖ്യമന്ത്രി പാരിസ്ഥിതിക, സാമൂഹിക ആഘാതത്തിനും സാമ്പത്തിക കടബാധ്യതക്കും ഉത്തരം പറയാതിരിക്കുന്നത് വിരോധാഭാസമാണെന്നും വി.ജെ. ലാലി പറഞ്ഞു. നിയമസഭയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചര്‍ച്ചചെയ്യാതെ കേന്ദ്ര അനുമതിയില്ലാത്ത പദ്ധതിക്കായി സ്വകാര്യ ഭൂമിയില്‍ ധിറുതിവെച്ച് അതിക്രമിച്ചുകയറുവാനുള്ള തീരുമാനം ഏകാധിപത്യ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
'കെ റെയിൽ നാടിന്റെ ആവശ്യം'
കോട്ടയം: കെ റെയിൽ നാടിന്റെ ആവശ്യമെന്ന് കേരള കോൺഗ്രസ് ബി യോഗം. കേരളത്തിന്റെ വികസനക്കുതിപ്പിന് ഊർജംപകരുന്ന പദ്ധതി കാർഷികമേഖലയെ പ്രതിസന്ധിയിലാക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് സാജൻ ആലക്കളം അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ദീപു ബാലകൃഷ്ണൻ, ബി. ശശിധരൻ, ജിജോ മൂഴയിൽ, ഹരിപ്രസാദ്, ആദർശ് കെ.രമേശ്, ബേബിച്ചൻ തയ്യിൽ, മൻസൂർ പുതുവീട്, സനോജ് സോമൻ, സാബു മത്തായി എന്നിവർ സംസാരിച്ചു.
കെ റെയിലിന് പിറകെ നടക്കുന്നവർ ബൂർഷ്വകൾ -സജി മഞ്ഞക്കടമ്പിൽ
കോട്ടയം: അടുത്തകാലത്ത് കേരളത്തിലുണ്ടായ പ്രളയത്തിൽ വീടും സ്ഥലവും തകർന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം നൽകാൻ അടിയന്തര നടപടിയെടുക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ലഭ്യമാകേണ്ട സാമൂഹികനീതി ലഭ്യമാകാതെ കെ-റെയിൽ പദ്ധതികളുമായി മുന്നോട്ടു പോകുന്ന എൽ.ഡി.എഫ് ബൂർഷ്വാസികളാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.