പുതുവർഷത്തിൽ പുതുജീവൻ കാത്ത് കച്ചേരിക്കടവ് വാട്ടർഹബ്
text_fieldsകോട്ടയം: പഴയ ബോട്ടുജെട്ടിയെ കച്ചേരിക്കടവ് വാട്ടർഹബ്ബായി പ്രഖ്യാപിച്ചിട്ട് 10 ാം വർഷത്തിലേക്ക് കടക്കുമ്പോഴും പുതുജീവൻ കാത്ത് കഴിയുകയാണ് പദ്ധതി. ദീര്ഘവീക്ഷണമില്ലാതെ പണം ചിലവഴിച്ചതിന്റെ സ്മാരകമായി അവശേഷിക്കുകയാണ് കച്ചേരിക്കടവിലെ പഴയ ബോട്ടുജെട്ടി. ഒന്നേകാൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള അക്ഷരനഗരിയിലെ പ്രധാനപ്പെട്ട ജലഗതാഗത തീരമാണിത്.
ടൂറിസം മേഖലയിൽ കോട്ടയത്തിന്റെ മുഖമായി മാറിയേക്കാമായിരുന്ന കച്ചേരിക്കടവ് വാട്ടർഹബ് നിലവിൽ നാശത്തിന്റെ വക്കിലാണ്. 2015ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വാട്ടർഹബ് സമർപ്പിച്ചത്. എട്ടുകോടി രൂപയായിരുന്നു ചെലവ്. ഒരേക്കറോളം സ്ഥലത്ത് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം.
പോളയും ചേമ്പും പുല്ലും നിറഞ്ഞതോടെ ഇവിടെ ജലഗതാഗതം പൂർണമായും നിലച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിങ്ങിനിറഞ്ഞുകിടക്കുകയാണ്. ഇഴജന്തു ശല്യവുമുണ്ട്. നഗരത്തിലെ പകുതിയിലധികം കെട്ടിടങ്ങളിലെ മാലിന്യം എത്തുന്ന നാല് ഓടകളുടെ സംഗമസ്ഥാനം കൂടിയാണ് കച്ചേരിക്കടവ്. നേരെത്തെ ബോട്ട് സർവിസ് ഉണ്ടായിരുന്നപ്പോൾ ഇത്തരത്തിൽ എത്തുന്ന അഴുക്കുകൾ ഒഴുകിപ്പോയിരുന്നു. എന്നാൽ, കോടിമതയിലേക്ക് ബോട്ട് ജെട്ടി മാറിയതോടെ ശൗചാലയ മാലിന്യമടക്കം അടിഞ്ഞുകൂടി. വാട്ടർഹബ്ബിൽ സ്ഥാപിച്ചിരുന്ന വഴിവിഴക്കുകളും അലങ്കാരവിളക്കുകളും നിലവിൽ പ്രവർത്തനരഹിതമാണ്. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹികവിരുദ്ധർ കൈയടക്കും.
വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, വിളക്ക് കാലുകൾ, ഇരുനിലകളിൽ വാച്ച്ടവർ, ശിക്കാര വള്ളം, സ്നാക്സ് പാർലർ തുടങ്ങിയവയായിരുന്നു ഇവിടെ സജ്ജമാക്കിയത്. കുട്ടികൾക്കായി ഒരുക്കിയ പാർക്കിലെ ഇരിപ്പിടങ്ങളടക്കം നശിച്ചു. നിരവധി അലങ്കാര വിളക്കുകളുണ്ടെങ്കിലും ഒന്നും പ്രകാശിക്കുന്നില്ല. രാത്രി ഇതുവഴി ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
1888 ൽ ദിവാൻ ടി. രാമറാവുവാണ് കച്ചേരിക്കടവ് ബോട്ട് ജെട്ടി സ്ഥാപിച്ചത്. ആലപ്പുഴയിൽ നിന്നും കൊല്ലത്തുനിന്നും വാണിജ്യവ്യവസായ ആവശ്യങ്ങൾക്ക് വള്ളവും ബോട്ടും വന്നുചേരുന്ന പ്രധാനകടവായിരുന്നു. റോഡുകളും വാഹനങ്ങളും സജീവമായപ്പോൾ ബോട്ട് യാത്ര കുറച്ചതോടെ തോട് പോളകയറിയും ചെളിനിറഞ്ഞും മലിനമായി. രാജഭരണകാലത്ത് കോട്ടയത്തിന്റെ മുഖമായിരുന്ന കച്ചേരിക്കടവ് പഴയബോട്ടുജെട്ടി പുതുക്കി നിർമിച്ചശേഷം പിന്നീട് വാട്ടർ ഹബ്ബായി മാറുകയായിരുന്നു.
നിലവിൽ കോട്ടയം പ്രദേശവാസികൾക്കല്ലാതെ പുറത്തുനിന്നുള്ളവർക്ക് ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് കേട്ടുകേൾവി പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. പകൽ ഒഴിഞ്ഞുകിടക്കുകയും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രവുമായ ഈ ടൂറിസം കേന്ദ്രത്തിന് അടുത്തവർഷമെങ്കിലും പുതുജീവൻ വെക്കുമോ എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.