അർബുദം ബാധിച്ച് മരിച്ചയാളുടെ വീട് ജപ്തി ചെയ്യാൻ നീക്കം; പ്രതിഷേധത്തെതുടർന്ന് പിൻമാറ്റം
text_fieldsകടുത്തുരുത്തി: അർബുദം ബാധിച്ച് മരിച്ചയാളുടെ വീട് ജപ്തി ചെയ്യാൻ സ്വകാര്യ ധനകാര്യ സ്ഥാപനം. പ്രതിഷേധത്തെതുടർന്ന് ജപ്തി നടപടികൾ നിർത്തിവെച്ചു. ആയാംകുടി കപ്പേളക്കു സമീപം താമസിക്കുന്ന തുരുത്തേൽ ഓമനയുടെ വീട്ടിലാണ് മണപ്പുറം ബാങ്ക് അധികൃതർ എത്തിയത്. നാലുസെന്റ് സ്ഥലവും ചെറിയ വീടും പണയംവെച്ച് ഓമനയുടെ ഭർത്താവ് കരുണാകരൻ മൂന്നര ലക്ഷംരൂപ വായ്പ എടുത്തിരുന്നു. ഒന്നര വർഷത്തോളം മുടക്കംകൂടാതെ ബാങ്കിന്റെ ഏജന്റ് മുഖേന പണം കൃത്യമായി നൽകിയിരുന്നു. അടച്ച തുകക്ക് യാതൊരു രസീതും നൽകിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. അതിനിടയിൽ രോഗം വന്ന് കരുണാകരൻ മരിച്ചു. തുടർന്ന് അടവ് മുടങ്ങി.
ഇപ്പോൾ മുതലും പലിശയും അടക്കം അഞ്ചു ലക്ഷം രൂപയോളം അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. വിവരമറിഞ്ഞെത്തിയ നിർഭയ വെൽവെയർ അസോസിയേഷൻ പ്രവർത്തകർ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേൾക്കാൻ തയാറായില്ല എന്ന് പറയുന്നു. തുക നിർഭയ ഭാരവാഹികൾ ആറുമാസത്തിനകം നൽകാമെന്നും പറഞ്ഞെങ്കിലും ജപ്തി നടപടികളുമായി മുന്നോട്ടുപോവുമെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഇതോടെ നിർഭയ ഭാരവാഹികൾ വീടിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം ഡോ. അശ്വതി ഉദ്ഘാടനം ചെയ്തു. സുധീഷ്, സുഗുണൻ എന്നിവർ സംസാരിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ബാങ്കുകാർ ജപ്തിനടപടികൾ നിർത്തിവെച്ച് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.