കടുത്തുരുത്തി യു.ഡി.എഫിൽ പോര്; മോൻസ് ജോസഫിനെതിരെ ജേക്കബ് ഗ്രൂപ്
text_fieldsകോട്ടയം: മോൻസ് ജോസഫ് എം.എൽ.എക്കെതിരെ രൂക്ഷവിമർശനങ്ങളുമായി കേരള കോൺഗ്രസ് (ജേക്കബ്) ജില്ല നേതൃത്വം. രാഷ്ട്രീയ മര്യാദ മറക്കുന്ന മോൻസ് ജോസഫ് യു.ഡി.എഫിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
കടുത്തുരുത്തി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മോൻസ്-ജേക്കബ് ഗ്രൂപ് പോരായി മാറുന്നത്.
കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധിയായ യു.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറിയെ എം.എൽ.എയും കേരള കോൺഗ്രസ് നേതൃത്വവും അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയോജകമണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനം ജേക്കബ് ഗ്രൂപ്പിനാണ് നൽകിയത്. ഇവർ പാർട്ടി ഹൈപവർ കമ്മിറ്റി അംഗവും നിയോജക മണ്ഡലം പ്രസിഡന്റുമായ പ്രമോദ് കടന്തേരിയെ സെക്രട്ടറിയായി നിയോഗിച്ചു. ജില്ലയിൽ ജേക്കബ് ഗ്രൂപ്പിന് ലഭിച്ച ഏകപദവിയുമായിരുന്നു ഇത്. തുടർന്ന് പ്രമോദ് കടന്തേരിയെ അടക്കം ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ, കൺവീനർ, സെക്രട്ടറിമാരുടെ പേരുകൾ അടങ്ങിയ പട്ടിക യു.ഡി.എഫ് ജില്ല നേതൃത്വം പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാൽ, കടുത്തുരുത്തിയിൽ യു.ഡി.എഫ് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പ്രമോദ് കടന്തേരിയെ ഒഴിവാക്കുന്നുവെന്നാണ് പരാതി. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച മുതൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടക്കുന്ന ഫ്രാൻസിസ് ജോർജ് എം.പിയുടെ പര്യടന പരിപാടികളിൽനിന്നും യു.ഡി.എഫ് സെക്രട്ടറിയായ കടന്തേരിയെ ഒഴിവാക്കി. ഇതിനുപിന്നിൽ മോൻസ് ജോസഫിന്റെ ഇടപെടലാണെന്നാണ് ഇവരുടെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡന്റ് ടോമി വേദഗിരി പ്രതിഷേധം അറിയിച്ചപ്പോൾ അങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്നായിരുന്നത്രേ മോൻസിന്റെ മറുപടി. ഇതുസംബന്ധിച്ച് അനൂപ് ജേക്കബ് എം.എൽ.എ മോൻസുമായി സംസാരിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. യു.ഡി.എഫ് ജില്ല നേതൃത്വത്തിലും പരാതി നൽകിയിട്ടും തീരുമാനമുണ്ടായിട്ടില്ല. മോൻസിന്റെ കടുംപിടിത്തത്തിന് മുന്നിൽ യു.ഡി.എഫ് ജില്ല നേതൃത്വത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ജേക്കബ് ഗ്രൂപ് നേതാക്കൾ പറയുന്നു.
കോൺഗ്രസിനടക്കം മോൻസ് ജോസഫിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും രാഷ്ട്രീയ മര്യാദയുടെ പേരിൽ മൗനം പാലിക്കുകയാണ്. ജില്ലയിലെ ഒരുകൂട്ടം യു.ഡി.എഫ് നേതാക്കളും കേരള കോൺഗ്രസിലെ വലിയൊരു വിഭാഗവും മോൻസിന്റെ പല നിലപാടുകളിലും അസംതൃപ്തരാമെന്നും ഇവർ ആരോപിക്കുന്നു.
മുളക്കളം പഞ്ചായത്തിൽ പഞ്ചായത്ത് അംഗവും കടുത്തുരുത്തിയിൽ മുഴുവൻ മണ്ഡലം കമ്മിറ്റികളുമുള്ള ജേക്കബ് ഗ്രൂപ്പിനെ അവഗണിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡന്റ് ടോമി വേദഗിരി പറഞ്ഞു. അവഗണ ചൂണ്ടിക്കാട്ടി യു.ഡി.എഫ് കൺവീനർ എം.എം. ഹസന് പരാതി നൽകുമെന്ന് പ്രമോദ് കടന്തേരിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.