മുണ്ടാറിൽ ഇത്തവണയും പോളിങ് ഉദ്യോഗസ്ഥർ വള്ളത്തിൽ
text_fieldsകടുത്തുരുത്തി: പതിറ്റാണ്ടുകള് പിന്നിട്ടിട്ടും പതിവ് തെറ്റിക്കാതെ മുണ്ടാറില് വോട്ടിങ് യന്ത്രം അടക്കം തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിച്ചത് വള്ളത്തില്. കോട്ടയം കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്ഡായ മുണ്ടാറിലെ ഒന്നാം നമ്പര് ബൂത്തിലേക്കുള്ള പോളിങ് സാമഗ്രികളുമായി ബുധനാഴ്ച വള്ളത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്.
വ്യാഴാഴ്ച പോളിങ് അവസാനിച്ചാൽ യന്ത്രങ്ങളുമായി തിരികെ മടങ്ങുന്നതും വള്ളത്തില് തന്നെ. ഒന്നാം വാര്ഡില് രണ്ട് ബൂത്തുകളാണുള്ളത്. തെക്കേ മുണ്ടാറിലും വടക്കേ മുണ്ടാറിലും. 448 വോട്ടര്മാരുള്ള തെക്കേ മുണ്ടാറിലെ രണ്ടാം നമ്പര് ബൂത്തില് വാഹനമെത്തും. വടക്കേ മുണ്ടാറിലുള്ള ഒന്നാം നമ്പര് ബൂത്തില് വള്ളത്തില് മാത്രമേ വോട്ടിങ് സാമഗ്രികള് എത്തിക്കാനാകൂ.
ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ എഴുമാന്തുരുത്ത് ബോട്ട് ജെട്ടിയില്നിന്ന് പോളിങ് സാമഗ്രികളുമായി എഴുമാംകായലിലൂടെ പത്ത് മിനിറ്റോളം വള്ളത്തില് സഞ്ചരിച്ചാണ് ഉദ്യോഗസ്ഥര് ഒന്നാം നമ്പര് ബൂത്തിലെത്തിയത്. ഒന്നാം വാര്ഡിലെ പാറേല് കോളനിയിലുള്ള പഞ്ചായത്തുവക കമ്യൂണിറ്റി ഹാളിലാണ് ബൂത്ത് ക്രമീകരിച്ചത്.
പ്രിസൈഡിങ് ഓഫിസര് ബിന്ദു പി. തോമസ്, ഉദ്യോഗസ്ഥരായ ദിവ്യ, ജയമ്മ, ഉണ്ണികൃഷ്ണന്, ഷിബു എന്നിവരും സുരക്ഷ ഉദ്യോഗസ്ഥനായ എസ്.സി.പി.ഒ സിജാസ് ഇബ്രാഹിമുമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. പോളിങ് ഉദ്യോഗസ്ഥരെല്ലാം തന്നെ ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്നത്.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാര് കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു.
മുണ്ടാറുകാര് ആദ്യം കല്ലറയിലാണ് വോട്ട് ചെയ്തിരുന്നത്. പിന്നീടത് മുണ്ടാറിലെ സൊസൈറ്റിയിലായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പാണ് പാറേല് കോളനിയിലെ കമ്യൂണിറ്റി ഹാളില് പോളിങ് ബൂത്ത് ആരംഭിച്ചത്. 447 വോട്ടര്മാരാണ് ഇവിടെയുള്ളത്. 221 പുരുഷന്മാരും 219 സ്ത്രീകളും.
പുറംലോകവുമായി ബന്ധപ്പെടാന് പാലം എന്ന ഇവിടത്തുകാരുടെ സ്വപ്നങ്ങള്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എഴുമാന്തുരുത്തിലെ കൊല്ലംകരിയെയും മുണ്ടാറിലെ പാറേല് കോളനിയെയും ബന്ധിപ്പിച്ച് എഴുമാംകായലിന് കുറുകെ പാലത്തിെൻറ പണികള് ആരംഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള് കാരണം നിര്മാണം പാതിവഴിയില് നിലച്ചിരിക്കുകയാണ്.
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാഹനത്തില് വടക്കേ മുണ്ടാറിലെക്കെത്താന് പാലം നിര്മാണം പൂര്ത്തിയാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.