വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെ ബെല്ലടിച്ചു; റോഡിലേക്കു തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്
text_fieldsകടുത്തുരുത്തി: ഇറങ്ങുന്നതിനിടെ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതോടെ മുന്നോട്ടെടുത്ത ബസില്‍നിന്ന് റോഡിലേക്ക് വിദ്യാർഥിനി തെറിച്ചുവീണു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കല്ലറ തെക്കേപ്ലാച്ചേരിൽ ആൽബീന ലിസ് ജയിംസിനാണ് (17) പരിക്കേറ്റത്.
മറ്റു കുട്ടികള്‍ക്കൊപ്പം ഇറങ്ങാനായി ഡോറില്‍ നില്‍ക്കുമ്പോഴാണ് കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നത്. ഇതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് വിദ്യാര്‍ഥിനി പുറത്തേക്കു തെറിച്ചുവീഴുന്നത്. സംഭവം കണ്ട അധ്യാപിക ബെല്ലടിച്ചു ബസ് നിര്‍ത്തിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. അല്പം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ കുട്ടിയുടെ ദേഹത്ത് ബസ് കയറുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
സംഭവത്തിൽ ബസ് ഡ്രൈവർ കല്ലറ നികർത്തിൽ സുമഷ് ശിവനെതിരെ (38) കടുത്തുരുത്തി പൊലീസ് കേസെടുത്തശേഷം ബസ് പിടിച്ചെടുത്തു. കണ്ടക്ടർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കടുത്തുരുത്തി ഐ.ടി.സി ജങ്ഷനിലാണ് സംഭവം. കല്ലറ വഴി കോട്ടയത്തുനിന്ന് വൈക്കത്തേക്ക് സർവിസ് നടത്തുന്ന ആൻഡ്രൂസ് ബസിൽനിന്നാണ് വിദ്യാർഥിനി വീണത്. വിദ്യാർഥിനിയെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
തുടർന്ന് അധ്യാപകരും വിദ്യാർഥിനിയുടെ രക്ഷിതാക്കളും കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിദ്യാർഥിനിയുടെ മൊഴിയെടുത്താണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഓർഡിനറി ബസുകൾക്ക് സ്ഥിരം സ്റ്റോപ്പുള്ള ഇവിടെ ബസ് നിർത്താറില്ലെന്നും പരാതിയുണ്ട്. പൊലീസ് പിടിച്ചെടുത്ത 'ആന്‍ഡ്രൂസ്' ബസിലെ കണ്ടക്ടര്‍ക്കെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്.
ബസിലെ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ പതിവാണെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. ഇയാളെ ഭയന്ന് ചില കുട്ടികള്‍ ഈ ബസില്‍ കയറാന്‍ മടിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.