കക്കാട്ടാറ് വറ്റിവരണ്ടു
text_fieldsപത്തനംതിട്ട: കക്കാട്ടാറ് വറ്റിവരണ്ടത് ജല വൈദ്യുത പദ്ധതികളെ ബാധിക്കും. ശബരിഗിരി പദ്ധതിയില്‍ വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലമാണ് കക്കാട്ടാറിലെ ജല സമ്പത്തിന്റെ 60 ശതമാനവും. 360 മെഗാവാട്ട് ശേഷിയുണ്ടെങ്കിലും ഉത്പാദനം പകുതി കുറഞ്ഞതിനാല്‍ പിന്തള്ളുന്ന ജലവും കുറവാണ്. അതിനാല്‍ കക്കാട്ടാറിലേക്ക് അധികം ജലം എത്താറില്ല.
ശബരിഗിരിയുടെ ടെയില്‍ റെയ്സ് പദ്ധതിയാണ് കക്കാട് പദ്ധതി (50 മെഗാവാട്ട്). കക്കാട്ടാറില്‍ ജല നിരപ്പ് കുറഞ്ഞതും ശബരിഗിരിയില്‍ നിന്നും പിന്തള്ളുന്ന ജലത്തിന് കുറവ് സംഭവിച്ചതും മൂഴിയാറിലെ കക്കാട് പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരു ജനറേറ്റര്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഉത്പാദന ശേഷി 25 മെഗാവാട്ടായി കുറഞ്ഞു. പക്ഷേ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇതും പ്രവര്‍ത്തിക്കുന്നത്, ഇതോടെ യഥാര്‍ഥ ഉത്പാദനം പ്രതിദിനം ശരാശരി 10 മെഗാവാട്ട് മാത്രം.
സീതത്തോട് കക്കാട് പവര്‍ ഹൗസില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ കുറച്ചു ജലം മാത്രമേ കക്കാട്ടാറിലേക്ക് ഒഴുക്കി വിടുന്നുള്ളു. ഇത് താഴെയുള്ള ചെറുകിട ജല വൈദ്യുത പദ്ധതികളെ കാര്യമായി ബാധിക്കുന്നു. ഏഴ് മെഗാവാട്ട് ശേഷിയുള്ള സ്വകാര്യ വൈദ്യുതി നിലയമായ അള്ളുങ്കലില്‍ ഉത്പാദനം വൈകുന്നേരങ്ങളില്‍ മാത്രമാക്കി. മിനി ഡാമില്‍ ജലം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതിനാല്‍ താഴെയുള്ള കാരികയം (15 മെഗാവാട്ട് ) പദ്ധതിയുടെ ജലസംഭരണിയും ശോഷിച്ച അവസ്ഥയിലാണ്. ഇവിടെയും പൂര്‍ണ തോതില്‍ വൈദ്യുതി ഉത്പാദനമില്ല.
മണിയാറിലെ വെള്ളം ഒഴുക്കിവിട്ടു
കാര്‍ഷിക മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ മണിയാര്‍ അണക്കെട്ടിലെ വെള്ളം ഇത്തവണ നേരത്തേ തുറന്നുവിട്ടിരുന്നു. പമ്പാനദി വറ്റിയത് അപ്പര്‍കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുകയായിരുന്നു. വേമ്പനാട്ട് കായലില്‍ നിന്ന് വെള്ളം അടിത്തട്ട് താഴ്ന്ന പമ്പയിലേക്ക് കയറിയതിനെ തുടര്‍ന്ന് ഉപ്പുരസം പടര്‍ന്നു. ഇത് നെല്‍കൃഷിയെ നശിപ്പിക്കുമെന്ന് കണ്ട് ഡാമുകളിലെ വെള്ളം പമ്പയിലേക്ക് ഒഴുക്കിവിട്ട് ജലനിരപ്പ് ഉയര്‍ത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
മണിയാര്‍ ജലസംഭരണിയിലെ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാർബൊറാണ്ടം യൂണിവേഴ്സല്‍ (7.5 മെഗാവാട്ട് ) എന്ന സ്വകാര്യ വൈദ്യുതി നിലയത്തിലും വൈകുന്നേരം മാത്രമായി ഉത്പാദനം കുറച്ചു.താഴേക്കുള്ള ജലപ്രവാഹം വീണ്ടും കുറഞ്ഞതിനാല്‍ നാല് മെഗാവാട്ട് മാത്രം ശേഷിയുള്ള കെ.എസ്.ഇ.ബി യുടെ പെരുന്നാട് വൈദ്യുതി നിലയവും പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
കേരളത്തിന് ആവശ്യമായതില്‍ അധികം വൈദ്യുതിയും കേന്ദ്രഗ്രിഡില്‍ നിന്നും വാങ്ങുന്നതിനാലാണ് കേരളം ഇനിയും വൈദ്യുതി പ്രതിസന്ധി ഇല്ലാതെ കടന്നു പോകുന്നത്. വലിയ ഡാമുകളിലെ ജലനിരപ്പ് സംരക്ഷിച്ചു നിര്‍ത്തി പുറത്തു നിന്നുള്ള വൈദ്യുതി അമിത വില നല്കി വാങ്ങുന്നത് നഷ്ടം വരുത്തിവയ്ക്കുന്നതിനും ഇടയാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.