കാഴ്ചകൾ ‘മറഞ്ഞ്’ കളത്തിൽക്കടവ് സായാഹ്നതീരം
text_fieldsകോട്ടയം: സഞ്ചാരികളുടെ ഇഷ്ടയിടമായിരുന്ന കളത്തിൽക്കടവ് സായാഹ്ന വിശ്രമകേന്ദ്രത്തിന്റെ പ്രൗഢി മറയുന്നു. കഞ്ഞിക്കുഴി-കൊല്ലാട് റോഡിൽ കൊല്ലാടിന് സമീപം കൊടൂരാറിനോട് ചേർന്നാണ് ഗ്രാമീണഭംഗി നിറയുന്ന വിശ്രമകേന്ദ്രം. പാടശേഖരങ്ങൾക്ക് മധ്യഭാഗത്തുകൂടെ കടന്നുപോകുന്ന നടപ്പാത, തണൽ മരങ്ങൾ, കൊടൂരാറിന് കുറുകെ സ്ഥിതിചെയ്യുന്ന കളത്തിൽക്കടവ് പാലം എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. എന്നാൽ, തണൽ മരങ്ങൾ വെട്ടി മാറ്റിയതോടെ വെയിൽ നിറഞ്ഞു. ഒപ്പം നടപ്പാതയിലെ ഇൻർലോക്ക് കട്ടകൾ ഇളകിമാറി. മുമ്പ് ലോറി കയറി റോഡിന്റെ ഒരുവശം താഴ്ന്നതിനെ തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രവേശനകവാടത്തിൽ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചിരുന്നു. ഇതും പൊളിഞ്ഞുവീണു.
ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളും വേണ്ടത്രയില്ല. ഇതോടെ സഞ്ചാരികൾ ഈ വിശ്രമകേന്ദ്രത്തെ കൈവിടുകയായിരുന്നു.
ചെറുകിട ജലസേചന വിഭാഗം കളത്തിൽക്കടവിനെയും ഗസ്റ്റ് ഹൗസ് റോഡിനെയും ബന്ധിപ്പിച്ച് ലിങ്ക് റോഡ് നിർമിച്ചതോടെയാണ് ഇടവേളക്കുശേഷം സഞ്ചാരികൾ ഇവിടേക്ക് എത്തിത്തുടങ്ങിയത്. ഈ ലിങ്ക് റോഡാണ് വോക് വേയായി ഉപയോഗിക്കുന്നത്. ഇത് നിർമിച്ചതിനുപിന്നാലെ നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞ് സമയം ചെലവഴിക്കാനായി നിരവധിപേരാണ് എത്തിയിരുന്നത്. ഫോട്ടോ ഷൂട്ടിന്റെ പ്രധാന കേന്ദ്രവുമായും ഇവിടം മാറി. ചൂണ്ടയിടീലുകാരുടെ ഇഷ്ടകേന്ദ്രവുമായിരുന്നു. ആമ്പൽ വസന്തം ഇവിടെയും ഉണ്ടാകാറുണ്ട്.
എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ കുറവിനൊപ്പം നവീകരണവും മുടങ്ങിയതോടെ ആളുകൾ എത്തുന്നത് കുറഞ്ഞു.
2011ൽ കളത്തിൽക്കടവ് പാലത്തിന് സമീപത്തായി സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ അടക്കം സ്ഥാപിച്ചതോടെ വലിയതോതിൽ നാട്ടുകാരും നഗരവാസികളും ഇവിടേക്ക് എത്തിയിരുന്നു. കോവിഡ് കാലത്ത് സഞ്ചാരികൾ അകന്നതോടെ ഇവ നശിച്ചു. കോൺക്രീറ്റ് ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ് പ്രദേശം കാടുമൂടി. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി ഇത് മാറിയതിനൊപ്പം വലിയതോതിൽ മാലിന്യം തള്ളാൻ തുടങ്ങി. ഇതിനുപിന്നാലെയാണ് സമീപത്തെ വോക് വേ യാത്രക്കാരുടെ ഇഷ്ടയിടമായത്. എന്നാൽ, ഇവിടേക്കും ഇപ്പോൾ സഞ്ചാരികൾ എത്താത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.