ഉറങ്ങാതെ കാത്തിരുന്ന് ജന്മനാട്
text_fieldsകോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവസാന വരവിനായി ഉറങ്ങാതെ കാത്തിരുന്ന് ജന്മനാട്. ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് കോട്ടയത്തെത്തിയത്. രാത്രി 12നാണ് ജില്ല അതിർത്തിയായ ചങ്ങനാശ്ശേരിയിൽ എത്തിയത്. മുദ്രാവാക്യം വിളികളോടെ വൻ ജനാവലിയാണ് കാത്തുനിന്നത്. പ്രിയനേതാവിന് അന്തിമോപചാരമർപ്പിക്കാൻ ഇവിടെ അൽപനേരം സൗകര്യമൊരുക്കിയിരുന്നു. തുടർന്ന് ജില്ലയിലെ പ്രവർത്തകരും നേതാക്കളും വിലാപയാത്രയെ അനുഗമിച്ചു. ചിങ്ങവനത്തും കുറിച്ചിയിലും നാട്ടകത്തും തിരുനക്കരയിലും നിരവധി പ്രവർത്തകരും ജനങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു.
സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി വി.ബി. ബിനുവിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി പ്രത്യേകം തയാറാക്കിയ പന്തലിലെത്തിച്ചു. നേതാക്കളായ ഡി. രാജ, കെ.ഇ. ഇസ്മായിൽ തുടങ്ങിയ സി.പി.ഐ നേതാക്കളും അഡ്വ. അനിൽകുമാർ, എ.വി. റസൽ തുടങ്ങി ജില്ലയിലെ സി.പി.എം നേതാക്കളും മുൻ മന്ത്രി കെ.ടി. ജലീലും അന്തിമോപചാരമർപ്പിച്ചു.
രണ്ടുമണിക്കൂറോളം ഇവിടെ പൊതുദർശനത്തിനു വെച്ചശേഷമാണ് വാഴൂരിലെ വസതിയിലേക്ക് പുറപ്പെട്ടത്. വിലാപയാത്രയിൽ ജില്ലയിലെ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കുചേർന്നു. വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ 11നാണ് സംസ്കാരം.
ഗതാഗത നിയന്ത്രണം
കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരത്തോടനുബന്ധിച്ച് ഇളപ്പുങ്കൽ-കാനം റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സംസ്കാരം കഴിയുന്നതുവരെ കാനം ചന്തക്കവല ഭാഗത്തുനിന്ന് ഇളപ്പുങ്കൽ ഭാഗത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു.
- കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ കോട്ടയം-കുമളി റോഡിലൂടെ പാമ്പാടി-പുളിക്കൽകവല റോഡുവഴി ഇളപ്പുങ്കൽ വന്ന് (ഗവ. പ്രസ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡിലൂടെ പോകണം.
- ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്നവർ കറുകച്ചാൽ-കങ്ങഴ-പുളിക്കൽകവല റോഡുവഴി ഇളപ്പുങ്കൽ വന്ന് (ഗവ. പ്രസ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡുവഴി പോകണം.
- കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്നവർ പൊൻകുന്നം-കൊടുങ്ങൂർ റോഡുവഴി ഇളപ്പുങ്കൽ വന്ന് (ഗവ. പ്രസ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡ് വഴി പോകണം.
- മണിമല ഭാഗത്തുനിന്നു വരുന്നവർ ചാമംപതാൽ-കൊടുങ്ങൂർ റോഡുവഴി ഇളപ്പുങ്കൽ വന്ന് (ഗവ. പ്രസ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡ് വഴി പോകണം.
- സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സി.എം.എസ് പള്ളിയുടെയും സി.എം.എസ് സ്കൂളിന്റെയും ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തിരികെ വാഹനങ്ങൾ കാഞ്ഞിരപ്പാറ പുളിക്കൽ കവല വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.