കഞ്ഞിക്കുഴി ജങ്ഷൻ; ഓട നിറഞ്ഞ് റോഡിൽ പരന്നൊഴുകി മലിനജലം
text_fieldsകോട്ടയം: തിരക്കേറിയ കഞ്ഞിക്കുഴി ജങ്ഷന് സമീപം ഓടകൾ നിറഞ്ഞ് മലിനജലം റോഡിൽ പരന്നൊഴുകുന്നു.ദേശീയപാത 183ൽ കോട്ടയം-കുമളി റോഡിൽ മണർകാട് ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പിന് എതിർവശത്താണ് മാലിന്യം കലർന്ന ദുർഗന്ധം വമിക്കുന്ന ജലം പകർച്ചവ്യാധിഭീഷണി ഉയർത്തി ഒഴുകുന്നത്. കഞ്ഞിക്കുഴി ഭാഗത്തെ ഓടകൾ ബന്ധിക്കുന്ന സമീപത്തെ ദേശീയപാതക്ക് കുറുകെയുള്ള വലിയ കലുങ്കിലെ തടസ്സമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലെ ഓടയിലേക്കാണ് ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും മാലിന്യക്കുഴൽ നീട്ടിയിരിക്കുന്നത്.
കലുങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കലുങ്കിലുണ്ടായിരിക്കുന്ന തടസ്സമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കറുത്തനിറത്തിൽ മലിനവസ്തുക്കൾ കലങ്ങി അഴുകിയ വെള്ളമാണ് ദുർഗന്ധം വഹിച്ച് പരിസരത്ത് ഒഴുകിയിരിക്കുന്നത്. ദേശീയപാത, നഗരസഭ അധികൃതരുടെ സംയുക്ത ഇടപെടലിലൂടെ മാത്രമേ ഓട ശുചീകരിച്ച് മലിനജലം ഒഴുകുന്നത് തടയാൻ സാധിക്കൂ.
യാത്രക്കാർക്കൊപ്പം സ്കൂൾ വിദ്യാർഥികളും സഞ്ചരിക്കുന്ന ഭാഗമായതിനാൽ അടിയന്തരമായി ഓടയുടെ നവീകരണം നടത്തേണ്ടതുണ്ട്. മഴ പെയ്താൽ മലിനജലം കൂടുതൽ ഭാഗത്തേക്ക് ഒഴുകിയെത്തും. ടൗണിലേക്കുള്ള പ്രവേശനകവാടമായ കഞ്ഞിക്കുഴി ജങ്ഷനിലെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.