കലാമേളക്കൊരുങ്ങി കാഞ്ഞിരപ്പള്ളി; കോട്ടയം ജില്ല സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച മുതൽ
text_fieldsകാഞ്ഞിരപ്പള്ളി: ജില്ല സ്‌കൂള്‍ കലോത്സവം ആറു മുതല്‍ ഒമ്പതുവരെ കാഞ്ഞിരപ്പള്ളിയില്‍ നടക്കുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.സെന്‍റ് ഡൊമിനിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എ.കെ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്‍.എച്ച്.യു.പി സ്‌കൂള്‍, പേട്ട ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
യു.പി, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നായി 5534 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 1804 ആണ്‍കുട്ടികളും 3730 പെണ്‍കുട്ടികളും കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. യു.പി വിഭാഗത്തില്‍ 171 സ്‌കൂളുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 154, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 113 സ്‌കൂളുകളുമാണ് മാറ്റുരക്കുന്നത്.
ആറിന് വൈകീട്ട് 4.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയുടെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. നടന്‍ ബാബു ആന്‍റണി മുഖ്യാതിഥി ആയിരിക്കും. മന്ത്രി വി.എന്‍. വാസവനും കൊടിക്കുന്നേല്‍ സുരേഷ് എം.പിയും സന്ദേശം നല്‍കും.തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ നടക്കും. ചൊവ്വാഴ്ച 18 വേദിയിലും ബുധനാഴ്ച 12 വേദിയിലും വ്യാഴാഴ്ച 11 വേദിയിലും സമാപനദിവസം ഏഴ് വേദിയിലും മത്സരങ്ങള്‍ നടക്കും.
സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണവും തോമസ് ചാഴികാടന്‍ എം.പി സന്ദേശവും നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി.എം. സെബാസ്റ്റ്യന്‍, സെന്‍റ് ഡൊമിനിക്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഡോ. ബിനോയി എം. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.