കന്നുകാലികളിൽ അനാപ്ലാസ്മോസിസ് രോഗം
text_fieldsകാഞ്ഞിരപ്പള്ളി: കന്നുകാലികളിൽ ഉൽപാദന നഷ്ടത്തിനും കർഷകർക്ക് സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്ന അനാപ്ലാസ്‌മോസിസ് രോഗം പ്രദേശത്ത് കണ്ടെത്തി.കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ വെറ്ററിനറി സർജന്മാരായ ഡോ. രാഹുൽ, ഡോ. രമ്യ, സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രോഗസൂചനകൾ ലഭിച്ചത്.
തുടർന്ന്, രോഗം സംശയിച്ച പശുവിെൻറ രക്തസാമ്പിൾ കോട്ടയം ജില്ല വെറ്ററിനറി കേന്ദ്രത്തിലേക്ക് പരിശോധനക്ക് അയക്കുകയും ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.രോഗത്തിന് കാരണമായ റിക്കറ്റ്‌സിയ വിഭാഗത്തിൽപെട്ട അനാപ്ലാസ്മ രോഗാണുക്കൾ കന്നുകാലികളുടെ ശരീരത്തിൽ വസിക്കുന്ന പരാദജീവികൾ വഴിയാണ് പകരുന്നത്.
രോഗമുള്ള മൃഗങ്ങളുടെ രക്തം കുടിച്ചശേഷം പരാദജീവികൾ മറ്റൊരു മൃഗത്തെ ആക്രമിക്കുമ്പോൾ രോഗാണുക്കൾ അവയുടെ രക്തത്തിൽ പ്രവേശിക്കുന്നു. ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവക്കുള്ളിൽ അനാപ്ലാസ്മ അണുക്കൾ പെരുകുകയും തുടർന്ന് ശരീരത്തിലെ ചുവന്ന രക്താണുക്കൾ വ്യാപകമായി നശിക്കുകയും ചെയ്യുന്നു.
രക്തത്തിലെ ഹീമോഗ്ലോബിൻ ഗണ്യമായി കുറയുകയും കന്നുകാലികളിൽ പനി, ക്ഷീണം, വിളർച്ച, ശരീരം മെലിയുക, പാൽ ഉൽപാദനം ഗണ്യമായി കുറയുക, വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യുന്നു. ഈ രോഗം മൃഗങ്ങളുടെ കരൾ, പ്ലീഹ, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
ആരംഭത്തിൽതന്നെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സയും പരിചരണവും നൽകുകയും ചെയ്താൽ മൃഗങ്ങളെ രക്ഷപ്പെടുത്താൻ കഴിയും. രോഗം പടരുന്നത് തടയാൻ കന്നുകാലികളുടെ ശരീരത്തിൽനിന്ന് പരാദജീവികളെ ഒഴിവാക്കുകയും തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. തൊഴുത്തിന് പരിസരത്തുള്ള മണ്ണിൽ പരാദജീവികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ പരിസരം വൃത്തിയാക്കി ചപ്പുചവറുകൾ കത്തിച്ചുകളയുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.