നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വയറിങ് സാധനങ്ങൾ കവർന്നു
text_fieldsകാഞ്ഞിരപ്പള്ളി: നിർമാണം നടക്കുന്ന വീട്ടിൽനിന്ന് ഒരുലക്ഷത്തിലധികം രൂപയുടെ വയറിങ്, പ്ലംബിങ് സാധനങ്ങൾ കവർന്നു. കാഞ്ഞിരപ്പള്ളി പനന്താനത്തിൽ ഹൻസൽ പി. നാസറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
തമ്പലക്കാട്-ആനക്കല്ല് റോഡിലുള്ള ഹൻസലിന്‍റെ നിർമാണം നടക്കുന്ന വീട്ടിൽനിന്നാണ് വയറിങ്, പ്ലംബിങ് സാധനങ്ങൾ കവർന്നത്. ഇരുനില വീടിന്‍റെ നിർമാണത്തിനായി 1,15,000 രൂപയുടെ സാധനങ്ങളാണ് വീട്ടുകാർ വാങ്ങിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും കവർച്ചചെയ്യപ്പെട്ടു. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്‍റെ വയറിങ് ജോലികൾ പൂർത്തീകരിച്ചിരുന്നു. ഈ വയറുകളാണ് സ്വിച്ച് ബോർഡുകളിൽനിന്നടക്കം ഊരിയെടുത്തത്. ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന പ്ലംബിങ് സാധനങ്ങളാണ് ഇതുകൂടാതെ മോഷണം പോയത്. വീടിനുള്ളിൽതന്നെ വയറുകൾ മുറിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുവരെ വീട്ടിൽ പണിക്കാരുണ്ടായിരുന്നു. ഇതിനുശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.
ശനിയാഴ്ച രാത്രിയിൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. വീട്ടുകാർ പരാതി നൽകിയതിനെതുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.