കോളജ് വിദ്യാർഥികളെ ക്വട്ടേഷൻ സംഘം മർദിച്ചതായി പരാതി
text_fieldsകാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക്സ് കോളജിലെ രണ്ടും മൂന്നും വർഷ വിദ്യാർഥികളെ ക്വട്ടേഷൻസംഘം മർദിച്ചതായി പരാതി. കോളജിലെ സഹപാഠിയായ വിദ്യാർഥിയും പിതാവും ചേർന്ന് ക്വട്ടേഷൻ നൽകിയ സംഘമാണ് മർദിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. എസ്.എഫ്.ഐ ഭാരവാഹിയെ തിരക്കിയെത്തിയ സംഘം ആളുമാറി കോളജിന് സമീപത്തെ സ്വകാര്യകെട്ടിടത്തിൽ താമസിക്കുന്ന വിദ്യാർഥികളെ മർദിച്ചതായാണ് പരാതി. ബി.എ ഹിസ്റ്ററി രണ്ടാംവർഷ വിദ്യാർഥി അലൻ പ്രദീപ്, ബി.എസ്.സി ബോട്ടണി മൂന്നാംവർഷ വിദ്യാർഥി എസ്. വിശാൽ, അഗ്രികൾച്ചർ രണ്ടാം വർഷ വിദ്യാർഥികളായ ആർ. രാഹുൽ, അനുജിത്ത് രാജേന്ദ്രൻ എന്നിവർക്കാണ് മർദനമേറ്റത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ മുറിയിൽ ഇടക്കിടക്ക് എത്തുന്ന എസ്.എഫ്.ഐ ഭാരവാഹിയായ ദീപുവിനെ അന്വേഷിച്ചാണ് ക്വട്ടേഷൻ സംഘം എത്തിയത്. ദീപുവിനെ കാണാത്തതിനെ തുടർന്ന് മുറിയിൽ ഉണ്ടായിരുന്ന ഇവരെ മർദിക്കുകയായിരുന്നു. വാതിൽ തുറന്ന അനുജിത്തിനെയാണ് ഇവർ ആദ്യം മർദ്ദിച്ചത്. ഇത് തടയാൻ ശ്രമിക്കവേ മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.
മർദനത്തിൽ അലന് വാരിയെല്ലിന് പരിക്കേറ്റു. വിശാലിനെ ക്രൂരമായി ചവിട്ടിയും ഇടിച്ചും മർദിച്ചു. വിശാൽ രക്തം ഛർദ്ദിച്ചതോടെ ഇവർ ഉപേക്ഷിച്ചു. അനുജിത്തിന് തലക്ക് പരിക്കേറ്റു. രാഹുലിനെ നിലത്തിട്ട് ചവിട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിണ്ടും ആക്രമിച്ചു. തൊട്ടടുത്ത വീടിന്റെ മതിൽ ചാടി രാഹുൽ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ക്വട്ടേഷൻ നൽകി എന്ന പരാതിയിൽ വിദ്യാർഥിയായ മിറാജിനെ കോളജ് സസ്പെൻഡ് ചെയ്തു. ഇയാൾ കോളജിലെ കെ.എസ്.യു നേതാവാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. കെ.എസ്.യു പ്രവർത്തകർ കാമ്പസിൽ നിരന്തരമായി അക്രമം നടത്തുന്നതായും ഇവർ കോളജിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതായും എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അസ് ലം മുഹമ്മദ് പറഞ്ഞു.
ആക്രമണസംഭവങ്ങൾക്ക് പിന്നാലെ എസ്.എഫ്.ഐ തിങ്കളാഴ്ച കോളജിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയ ദീപു, എബിൻ മാത്യു എന്നിവർക്ക് എതിരെയും കോളജ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.