വൈസ് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി തർക്കം; പാറത്തോട്ടിൽ സി.പി.എം -കേരള കോണ്‍ഗ്രസ് ബന്ധം ഉലയുന്നു
text_fieldsകാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി സി.പി.എം -കേരള കോണ്‍ഗ്രസ് (എം) തർക്കം. വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ സി.പി.എം തയാറാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കേരള കോൺഗ്രസ് പറയുന്നു. എന്നാൽ, ആദ്യ മൂന്നുവര്‍ഷം സി.പി.എമ്മിനാണ് വൈസ് പ്രസിഡന്‍റ് സ്ഥാനമെന്നും അവശേഷിക്കുന്ന രണ്ടു വര്‍ഷമാണ് ഘടകക്ഷികള്‍ക്ക് അവകാശപ്പെട്ടതെന്നും സി.പി.എമ്മും പറയുന്നു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. സി.പി.എമ്മും സി.പി.ഐയും ചേര്‍ന്നു തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് മേഖലയിലെ പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സി.പി.എമ്മിലെ സിന്ധു മോഹനനാണ് വൈസ് പ്രസിഡന്‍റ്. എൽ.ഡി.എഫ് ധാരണപ്രകാരം, പ്രസിഡന്‍റായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ഡയസ് കോക്കാട്ട് രാജിവെച്ചതിനാല്‍ സിന്ധു മോഹനന്‍ ആക്ടിങ് പ്രസിഡന്‍റുകൂടിയാണ്. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള ഇവിടെ ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിനും പിന്നീട് ഒരു വര്‍ഷം സി.പി.ഐക്കും അവസാന രണ്ടു വര്‍ഷം സി.പി.എമ്മിനും പ്രസിഡന്‍റ് സ്ഥാനം എന്നതായിരുന്നു വ്യവസ്ഥ.
എന്നാൽ, കേരള കോണ്‍ഗ്രസിെൻറ കാലാവധി പൂർത്തിയായിട്ടും ഡയസ് രാജിവെച്ചില്ല. ഇതിനെതിരെ സി.പി.ഐ രംഗത്തെത്തിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള തർക്കമായി ഇത് വളർന്നു. ഇതിനൊടുവിൽ ഡയസ് രാജിനൽകി. ഈ പ്രശ്നം പരിഹരിച്ചതിനുപിന്നാലെയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കത്തിന് തുടക്കമായിരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനം കേരളകോണ്‍ഗ്രസ് മാറുമ്പോള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.എം ഒഴിയുമെന്നാണ് വ്യവസ്ഥയെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
18 അംഗ പഞ്ചായത്ത് സമിതിയില്‍ സി.പി.എമ്മിനും കേരളകോണ്‍ഗ്രസ് എമ്മിനും അഞ്ചുവീതം പ്രതിനിധികളാണുള്ളത്. സി.പി.ഐ -രണ്ട്, കേരള കോണ്‍ഗ്രസ് -രണ്ട് എസ്.ഡി.പി.ഐ -രണ്ട്, സ്വതന്ത്രന്‍ -ഒന്ന് എന്നതാണ് കക്ഷിനില. സി.പി.ഐ അംഗം ജോലി കിട്ടി അംഗത്വം രാജിെവച്ചതിനാല്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.