കോവിഡിനെ തുടച്ചുനീക്കും ഈ സംഘം
text_fieldsകാഞ്ഞിരപ്പള്ളി: കോവിഡിനെതിരായ യുദ്ധത്തിലാണ് പഞ്ചായത്ത് എട്ടാം വാർഡിലെ ഒരു കൂട്ടം ചെറുപ്പക്കാർ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഉപജീവനമാർഗം നഷ്ടമായ ഇവർ കോവിഡിനെ തുരത്താൻ സാനിട്ടേഷൻ ടീം രൂപവത്കരിച്ചാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വാർഡ് അംഗം എം.എ. റിബിൻഷായാണ് നേതൃത്വം നൽകുന്നത്. കോവിഡ് രോഗബാധ വ്യാപകമായ സാഹചര്യത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ആളെ കിട്ടാതെ വന്ന സാഹചര്യത്തിലാണ് തൊഴിൽ നഷ്ടമായ ചെറുപ്പക്കാരെ കൂട്ടി സേവനത്തിനൊപ്പം ചെറിയ വരുമാനവും ലക്ഷ്യമിട്ട് 'ടീം എട്ട് സാനിട്ടേഷൻ സർവിസ്' എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചത്.
പിന്തുണയുമായി വാർഡ് വികസന സമിതി അംഗങ്ങളും രംഗത്തെത്തി. യന്ത്രങ്ങളും പി.പി.ഇ കിറ്റും അടക്കം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വ്യാപാരി കാൾടെക്സ് തമ്പിക്കുട്ടി (സെയ്ത് മുഹമ്മദ്) യുടെ ഭാര്യ ജസിയ വാങ്ങി നൽകി. ആരോഗ്യവകുപ്പ് അധികൃതരുടെ പരിശീലനം കൂടിയായതോടെ ടീം റെഡി. ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി സ്ഥലങ്ങളിൽ ഇവരുടെ സേവനം ലഭ്യമായി. പി.പി.ഇ കിറ്റ്, മരുന്ന് തുടങ്ങി അണുനശീകരണത്തിന് ആവശ്യമായ സാധനങ്ങൾക്കും യാത്രക്കും ആവശ്യമായി വരുന്ന ചെലവും ചെറിയ കൂലിയും മാത്രമാണ് ഈടാക്കുന്നത്.
വലിയ തുക നൽകി സാനിട്ടേഷൻ നടത്താൻ കഴിയാത്തവർക്ക് ആശ്വാസമാണ് സേവനം. കോവിഡ് മഹാമാരി മറികടക്കാൻ പുതിയ മേഖലകളിലേക്കും പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ടീം. ഫോൺ: 8089250090, 9447427493.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.