സ്റ്റാമ്പുകൾ കൊണ്ടൊരു പുൽക്കൂട്
text_fieldsകാഞ്ഞിരപ്പള്ളി: വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകൾ കൊണ്ട് പുൽക്കൂട് തീർത്ത് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ ബർസാർ ഫാ. വിൽസൺ പുതുശ്ശേരി. സ്കൂൾ മുറ്റത്ത് ഒരുക്കിയ പുൽക്കൂട്ടിൽ ഉണ്ണിയേശുവിന്റെ രൂപമൊഴിച്ച് ബാക്കിയെല്ലാം നിർമിച്ചിരിക്കുന്നത് സ്റ്റാമ്പുകൾ കൊണ്ടാണ്. ഇതോടെ എ.കെ.ജെ.എം സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വേറിട്ട കാഴ്ചയായി.
ഓരോ വർഷവും പുതുമയാർന്ന ആശയവുമായി പുൽക്കൂട് ഒരുക്കുകയാണ് ഫാ. വിൽസൺ പുതുശ്ശേരി. യൂനിവേഴ്സൽ പോസ്റ്റൽ യൂനിയന്റെ 150ാംവർഷം ആഘോഷിക്കുന്ന ഈ വർഷം ഭൂരിഭാഗവും സ്വിറ്റ്സർലൻഡിലെ സ്റ്റാമ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. സ്വിറ്റ്സർലന്റിലെ ബേൺ ആണ് യൂനിയന്റെ ആസ്ഥാനം. കഴിഞ്ഞവർഷം ഉപയോഗശൂന്യമായ പേനകൾ ഉപയാഗിച്ചായിരുന്നു പുൽക്കൂട് ഒരുക്കിയത്.
കാഞ്ഞിരപ്പള്ളി സബ് പോസ്റ്റൽ ഡിവിഷൻ അസി. സൂപ്രണ്ട് മാത്യു ജേക്കബ് പുൽക്കൂടിന്റെ പ്രദർശനോദ്ഘാടനം നിർവഹിച്ചു. ഫിലാറ്റലി സൊസൈറ്റി കോട്ടയം പ്രസിഡന്റ് ജോസഫ് കയ്യാലയ്ക്കൽ, സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ ചുണ്ടംതടം എസ്.ജെ, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി.
വാദ്യമേളങ്ങളുടെയും ഗാനങ്ങളുടെയും അകമ്പടിയോടെ എത്തിയ ക്രിസ്മസ് പാപ്പാമാരോടൊപ്പം കുട്ടികൾ ക്രിസ്മസിനെ വരവേറ്റു. തുടർന്ന് എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളുടെ കരോൾഗാന മത്സരവും നടന്നു. ഈ വർഷത്തെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ഫിലാറ്റലി ദീൻ ദയാൽ സ്പർശ് യോജന സ്കോളർഷിപ്പിന് അർഹയായ ആറാം ക്ലാസിലെ അൽമാസ് ഫാത്തിമ റഫീക്കിനെ ചടങ്ങിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.