മീനച്ചിൽ റിവർവാലി പദ്ധതിയിൽ വീണ്ടും പ്രതീക്ഷ
text_fieldsകോട്ടയം: മീനച്ചിൽ റിവർവാലി പദ്ധതിയെക്കുറിച്ച് പഠിക്കാൻ ജലവിഭവ വകുപ്പ് ആറംഗ കമ്മിറ്റിയെ നിയോഗിച്ചതോടെ വീണ്ടും പ്രതീക്ഷയിൽ മീനച്ചിൽ നദീതടം. മൂലമറ്റം മൂന്നിങ്ങവയലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ച് വെള്ളം ടണലിലൂടെ മൂന്നിലവ് നരിമറ്റത്ത് എത്തിച്ച് കടപുഴയാറിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നതാണ് പദ്ധതി. ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് കമ്മിറ്റിയെ നിയോഗിച്ചത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇടതുസർക്കാറിന്റെ ഭാഗത്തുനിന്നുള്ള ആദ്യനീക്കം കൂടിയാണിത്.
പദ്ധതി നടപ്പായാൽ ജില്ലയിലെ 12 പഞ്ചായത്തിലും നാല് നഗരസഭയിലും കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കുന്നതിനൊപ്പം കൃഷിക്കും പ്രയോജനപ്പെടും. ജില്ലക്കാരൻകൂടിയായ റോഷി അഗസ്റ്റിൻ ജലസേചന മന്ത്രിയായി ചുമതലയേറ്റയുടൻ മീനച്ചിൽ റിവർവാലി പദ്ധതിയുടെ തടസ്സങ്ങൾ മാറ്റി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വേനൽക്കാലത്ത് മീനച്ചിലാർ വറ്റിവരളുന്നത് പതിവാണ്. പുതിയ പദ്ധതി യാഥാർഥ്യമായാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
- മൊട്ടിട്ടിട്ട് 52 വർഷം
1970കളിലായിരുന്നു മീനച്ചിൽ റിവർവാലി പദ്ധതിയെന്ന ആശയം രൂപപ്പെടുന്നത്. മീനച്ചിലാറിനെ വേനൽക്കാലത്ത് അടക്കം ജലസമൃദ്ധമാക്കാനും മീനച്ചിൽ, കോട്ടയം താലൂക്കുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുമായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. വൈദ്യുതി ഉൽപാദനത്തിനുശേഷം മൂലമറ്റം പവർ ഹൗസിൽനിന്ന് പുറന്തള്ളുന്ന ജലം മീനച്ചിലാറ്റിലേക്ക് എത്തിച്ച് വർഷം മുഴുവൻ ഒഴുക്ക് നിലനിർത്തുകയായിരുന്നു ലക്ഷ്യം. കനാലുകളിലൂടെ എത്തിക്കുന്ന വെള്ളം അടുക്കം പ്രദേശത്ത് മിനിഡാം നിർമിച്ച് തടഞ്ഞുനിർത്തി മീനച്ചിലാറ്റിലേക്ക് തുറന്നുവിടുന്നതായിരുന്നു ആദ്യ പദ്ധതി.
പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 1983ൽ മുഖ്യമന്ത്രി കെ. കരുണാകരൻ പദ്ധതിക്ക് തറക്കല്ലിട്ടു. പത്തേക്കർ സ്ഥലവും ഡാം നിർമാണത്തിന് ഏറ്റെടുത്തു. എന്നാൽ, നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു. പിന്നീട്, മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്ത് ഡാം നിർമിച്ച് വെള്ളം മീനച്ചിലാറ്റിൽ എത്തിക്കാനായിരുന്നു പദ്ധതി. ഇതും എതിർപ്പുമൂലം നടന്നില്ല. തുടർന്നുവന്ന സർക്കാറുകൾ മീനച്ചിൽ നദീതട പദ്ധതിയെന്ന പേരിൽ ഡാം മാറ്റി തുരങ്ക പദ്ധതിയും ടണൽ പദ്ധതിയുമൊക്കെ നിർദേശിച്ചെങ്കിലും ജലം ഒഴുകിയില്ല.
- വ്യവസായലോബി പണിതു
2011ലെ യു.ഡി.എഫ് സർക്കാറിന്റെ കാലത്തും പദ്ധതിക്കായി ആലോചന നടന്നു. അന്ന് എറണാകുളം ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളുടെയടക്കം എതിർപ്പുമൂലം നീക്കങ്ങൾ നിശ്ചലമായി. മൂവാറ്റുപുഴയാറിൽ ജലം കുറയുമെന്ന വാദം ഉയർത്തിയായിരുന്നു എതിർപ്പ്. മൂവാറ്റുപുഴയാറിന്റെ തീരത്തെ വ്യവസായ ലോബിയും പദ്ധതിക്ക് തുരങ്കംവെച്ചു.
- വഴിക്കടവ് മിനി ഡാം വില്ലനോ?
ഇടുക്കി പദ്ധതി വിഭാവനം ചെയ്തപ്പോൾതന്നെ ഒഴുക്കിവിടുന്ന വെള്ളം മീനച്ചിലിലേക്കുകൂടി ഒഴുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. മീനച്ചിലാറിന്റെ തുടക്കത്തിൽ വഴിക്കടവിൽ മിനി ഡാം കെട്ടി തുരങ്കം വഴി ഇടുക്കി റിസർവോയറിലേക്ക് വെള്ളം എത്തിക്കുന്നുമുണ്ട്. ഈ മിനി ഡാം ഉള്ളതിനാൽ മീനച്ചിൽ മലയോരത്ത് പെയ്തിറങ്ങുന്ന മഴവെള്ളം പൂർണമായി നദിയിലേക്ക് എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
- ആർ.പ്രിയേഷ് കൺവീനർ; സമിതി യോഗം ഉടൻ
കോട്ടയം: മീനച്ചിൽ റിവർവാലി പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് ഡയറക്ടർ ആർ.പ്രിയേഷ് നയിക്കും.
ഇദ്ദേഹത്തിന് കീഴിൽ ആറംഗ സമിതിയുണ്ട്. പ്രളയം അടക്കം പുതിയ സാഹചര്യങ്ങൾ പഠിച്ച് ഏറ്റവും അനുയോജ്യമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനാണ് നിർദേശം. ഓരുവെള്ളം കയറുന്നതടക്കം സാഹചര്യങ്ങളും ഇവർ പരിഗണിക്കും. ആറംഗ കമ്മിറ്റി ഉടൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും അധ്യക്ഷതയിൽ യോഗം ചേരുമെന്നാണ് വിവരം.
ഇറിഗേഷൻ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ആർ.ബാജി ചന്ദ്രൻ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എ.ഷാനവാസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.ഡി. സണ്ണി, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പി. മുഹമ്മദ് സിദ്ദീഖ്, പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ വി.എം. രാജേഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.