കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് വിസ്മൃതിയിലേക്ക്
text_fieldsകാഞ്ഞിരപ്പള്ളി: ഒട്ടേറെ സമരങ്ങൾക്ക് വേദിയായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് ഓർമയാകുന്നു. 1960ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഉദ്ഘാടനം ചെയ്ത ഓഫിസ് മന്ദിരമാണ് ഓർമയാകുന്നത്.
പുതിയ കെട്ടിട സമുച്ചയം മൂന്നരക്കോടി എം.എൽ.എ ഫണ്ടിൽനിന്ന് ചെലവഴിച്ച് നിർമിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് രണ്ടുകോടി ചെലവിട്ട് 26 മുറിയുള്ള ഷോപ്പിങ് മാളും ഇതോടൊപ്പം നിർമിക്കും. 25 ദിവസത്തിനുള്ളിൽ പഴയ കെട്ടിടം പൊളിച്ചുമാറ്റും.
ജനുവരിയിൽ പുതിയ ഓഫിസ് മന്ദിരത്തിന്റെ പണി ആരംഭിക്കാനാണ് തീരുമാനം. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മേടക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ദേശീയപാത 183ന്റെ ഓരത്ത് നിലവിൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് പുതിയ ഓഫിസും ഷോപ്പിങ് മാളും നിർമിക്കുക. ഇതിന്റെ തൊട്ടുതാഴെയായി രണ്ടര കോടിയിലേറെ രൂപ ചെലവിട്ട് സഹൃദയ വായനശാലക്ക് മൂന്നുനിലയിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി തുടങ്ങി. ഇതോടെ പഞ്ചായത്ത് ഓഫിസ് ജങ്ഷൻ വികസനത്തിലേക്ക് കുതിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ പഞ്ചായത്തുകളിലൊന്നായ കാഞ്ഞിരപ്പള്ളി താമസിയാതെ മുനിസിപ്പാലിറ്റിയായി മാറ്റുന്നതിനുള്ള ശ്രമം നടന്നുവരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പഞ്ചായത്ത് മന്ദിരം നിർമിക്കുന്നതെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.