ആനവണ്ടിക്ക് നൂറാംയാത്ര; വരവേറ്റ് മലയോരം
text_fieldsകാഞ്ഞിരപ്പള്ളി: സെഞ്ച്വറി തിളക്കത്തിൽ ആനവണ്ടിയിലേറിയെത്തിയ ഉല്ലാസ യാത്രാസംഘത്തെ വരവേറ്റ് മലയോരം. കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെൽ (ബി.ടി.സി) സംഘടിപ്പിക്കുന്ന ഉല്ലാസയാത്രയാണ് നൂറിലെത്തിയത്. ഞായറാഴ്ച തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽനിന്ന് കോട്ടയം ജില്ലയിലെ ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കായിരുന്നു നൂറാംയാത്ര.
മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായി 150 പേരാണുണ്ടായിരുന്നത്. 15 കെ.എസ്.ആർ.ടി.സി ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. സംഘത്തെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വരവേറ്റു. 2023 ഫെബ്രുവരിയിലാണ് ‘ഉല്ലാസഭേരി’യെന്ന പേരിൽ വെഞ്ഞാറമൂട് ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. മൂന്നാർ, കന്യാകുമാരി തുടങ്ങി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്കുശേഷമാണ് ‘ഉല്ലാസഭേരി’ ഞായറാഴ്ച നൂറിന്റെ നിറവിൽ ഇല്ലിക്കൽകല്ലിലെത്തിയത്.
ഓരോ യാത്രയിലും കെ.എസ്.ആർ.ടി.സി 15 ജീവനക്കാരും ഒപ്പമുണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. യൂനിഫോമിലാണെങ്കിലും ഇവരും യാത്രക്കാർതന്നെ. യാത്രക്കാരെ സഹായിക്കാൻ ഒപ്പംചേരുന്ന ഇവർ ടിക്കറ്റ് എടുത്താണ് യാത്രചെയ്യുന്നത്. രാജേഷ് പിരപ്പൻകോടിന്റെ നേതൃത്വത്തിൽ ഷഹീർ, മനോജ്, ജയലക്ഷ്മി, സൗമ്യ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് യാത്രക്ക് നേതൃത്വം നൽകുന്നത്. ഞായറാഴ്ച രാവിലെ എട്ടിനെത്തിയ സംഘത്തെ കാഞ്ഞിരപ്പള്ളിക്കാർ സന്തോഷത്തോടെ സ്വീകരിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വരവേൽപ് യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വാർഡ് അംഗം അഡ്വ. പി.എ. ഷെമീർ, നൗഷാദ് വെംബ്ലി എന്നിവർ സംസാരിച്ചു.
നൂറ് യാത്ര ഒരുക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ യാത്രക്കാർ മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. ഇല്ലിക്കൽകല്ല്, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച യാത്രാസംഘം രാത്രി ഏഴിന് മടങ്ങി. ഈ സൗഹൃദ ഉല്ലാസയാത്ര ഇനിയും തുടരുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ്, മലയോരനാടിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞായിരുന്നു ഇവരുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.