മണ്ഡലപരിചയം: കാഞ്ഞിരപ്പള്ളിയിൽ എല്‍.ഡി.എഫിന് വിജയപ്രതീക്ഷ; പുതിയ തന്ത്രങ്ങൾക്ക് യു.ഡി.എഫ്
text_fieldsകാഞ്ഞിരപ്പള്ളി (കോട്ടയം): പി.ടി. ചാക്കോക്കും കാനത്തിനുംമുമ്പുള്ള കാഞ്ഞിരപ്പള്ളിയുടെ ചരിത്രം അക്കാമ്മ ചെറിയാേൻറതാണ് -കേരളത്തിെൻറ രാഷ്ട്രീയ മണ്ഡലത്തിലും സ്വാതന്ത്ര്യ സമരചരിത്രത്തിലും തലയെടുപ്പോടെ നിലയുറപ്പിച്ച കാഞ്ഞിരപ്പള്ളിക്കാരിയായ അക്കാമ്മ. കാഞ്ഞിരപ്പള്ളി മറന്നുതുടങ്ങിയ ഈ ചരിത്രത്തിെൻറ ഓർമപ്പെടുത്തലായി 28ാംമൈലിൽ തലയുയർത്തി നിൽപുണ്ട് ഇപ്പോഴും അവരുടെ പ്രതിമ.
കേരളത്തിെൻറ ഝാന്‍സി റാണിയെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട അവർ, 1938ല്‍ കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ഗേള്‍സ് സ്കൂൾ ഹെഡ്മിസ്ട്രസ് സ്ഥാനവും അധ്യാപന ജോലിയും ഉപേക്ഷിച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിെൻറ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഒപ്പം സ്വാതന്ത്ര്യസമരത്തിെൻറ നേതൃനിരയിലേക്കും എത്തി.
1948ൽ തിരുവിതാംകൂറിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കാമ്മ ചെറിയാന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1951 വരെ നിയമസഭാംഗത്വം തുടർന്നു. പിന്നെ പി.ടി. ചാക്കോയെന്ന കരുത്തനാണ് കാഞ്ഞിരപ്പള്ളി ഉൾപ്പെടുന്ന വാഴൂർ നിയോജക മണ്ഡലത്തിൽ കസേര വലിച്ചിട്ടിരുന്നത്. 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എൻ. രാഘവകുറുപ്പിനെ 80 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ചാേക്കായുെട വിജയം. കേരള കോണ്‍ഗ്രസ് രൂപവത്കരണത്തിന് പിന്നീട് ചാക്കോ കാരണഭൂതനായതും ചരിത്രം.
2011ലെ മണ്ഡല പുനര്‍നിർണയത്തിൽ 'വാഴൂർ' കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലമായി രൂപാന്തരം പ്രാപിച്ചു. പഴയ വാഴൂര്‍ മണ്ഡലത്തിലെ ചിറക്കടവ്, വാഴൂര്‍, വെള്ളാവൂര്‍, കറുകച്ചാല്‍, കങ്ങഴ, നെടുങ്കുന്നം പഞ്ചായത്തുകളും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, മണിമലയും പുതുപ്പള്ളി മണ്ഡലത്തിെൻറ ഭാഗമായിരുന്ന പള്ളിക്കത്തോടും ഉള്‍പ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി മുഖംമാറ്റിയത്. ഇപ്പോൾ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ ഏഴിലും എൽ.ഡി.എഫാണ് ഭരണം. പള്ളിക്കത്തോട് ബി.ജെ.പിയും നെടുങ്കുന്നം യു.ഡി.എഫും ഭരിക്കുന്നു. ആകെ എല്‍.ഡി.എഫ് 77 വാര്‍ഡുകളിലും യു.ഡി.എഫ് 35, എന്‍.ഡി.എ 20, സ്വതന്ത്രര്‍ 14 വാര്‍ഡുകളിലും വിജയിച്ചു. യു.ഡി.എഫിന് എന്നും മുൻതൂക്കമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കേരള കോൺഗ്രസിെൻറ മുന്നണിമാറ്റത്തിനൊപ്പം കാഞ്ഞിരപ്പള്ളിയും ഇടത്തേക്ക് ചായുമോെയന്നതാണ് രാഷ്ട്രീയകോട്ടയം ഉറ്റുനോക്കുന്നത്.
കേരള കോണ്‍ഗ്രസ് സ്ഥാപകാംഗമായിരുന്ന പ്രഫ. കെ. നാരായണകുറുപ്പ് ആറ് തവണയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രണ്ടുതവണയും വാഴൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാരായണകുറുപ്പിെൻറ പിൻഗാമിയായെത്തിയ മകൻ ഡോ. എന്‍. ജയരാജ് പിന്നീട് മണ്ഡലത്തിെൻറ മനസ്സ് സ്വന്തമാക്കി. കാഞ്ഞിരപ്പള്ളിയില്‍ ഹാട്രിക് വിജയം നേടിയ ജയരാജ് 2006ല്‍ എൽ.ഡി.എഫിലെ കാനം രാജേന്ദ്രനെ 6,666 വോട്ടിനും 2011ല്‍ സുരേഷ് ടി. നായരെ 12,206 വോട്ടിനും 2016ല്‍ വി.ബി. ബിനുവിനെ 3890 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. 2016ൽ ബി.ജെ.പി 30,000ലധികം വോട്ട് നേടി. ബി.ജെ.പിയുടെ കണക്കില്‍ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.
കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മറുഭാഗത്ത് കേരള കോൺഗ്രസ് എൽ.ഡി.എഫിൽ എത്തിയതോടെ സീറ്റ് ആർക്കെന്ന കാര്യത്തിൽ അനിശ്ചിതത്വമാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ സി.പി.ഐ മത്സരിച്ചിരുന്ന സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകാൻ ഇവർ ആദ്യഘട്ടത്തിൽ താൽപര്യം കാട്ടിയിരുന്നില്ല. ഇപ്പോൾ ചങ്ങനാശ്ശേരിയോ പൂഞ്ഞാറോ ലഭിച്ചാൽ കാഞ്ഞിരപ്പള്ളി വിട്ടുനൽകാമെന്ന നിലപാടിലേക്ക് സി.പി.ഐ മാറി. ഇതോടെ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനുതന്നെ ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എന്‍. ജയരാജ് തന്നെയാകും സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിെൻറ കണക്കില്‍ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മറുതന്ത്രങ്ങള്‍ മെനഞ്ഞ് വിജയം നേടാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
ഇവര്‍ വിജയികള്‍
(വര്‍ഷം, വിജയി, പാര്‍ട്ടി, ഭൂരിപക്ഷം)
1957 - കെ.ടി. തോമസ് -കോണ്‍ഗ്രസ് -2003
1960 - കെ.ടി. തോമസ് -കോണ്‍ഗ്രസ് -6888
1965 - കുര്യന് വര്‍ക്കി -കേരള കോണ്‍. -738
1967 - എം. കമാല്‍ -സി.പി.എം -8346
1970 - കെ.വി. കുര്യന് -കേരള കോണ്‍. -1607
1977 - കെ.വി. കുര്യന് - കേരള കോണ്‍. - 3980
1980 - തോമസ് കല്ലമ്പള്ളി - കേരള കോണ്‍. -2005
1982 - തോമസ് കല്ലമ്പള്ളി - കേരള കോണ്‍. -8437
1987 - കെ.ജെ. തോമസ് - സി.പി.എം -4883
1991 - ജോര്‍ജ് ജെ. മാത്യു - കോണ്‍ഗ്രസ് -1158
1996 - ജോര്‍ജ് ജെ. മാത്യു - കോണ്‍ഗ്രസ് -6926
2001 - ജോർജ് ജെ. മാത്യു - കോണ്‍ഗ്രസ് -1469
2006 - അല്‍ഫോണ്‍സ് കണ്ണന്താനം -എൽ.ഡി.എഫ് -10,737
2011 - ഡോ. എന്‍. ജയരാജ് - കേരള കോണ്‍. -12,206
2016 - ഡോ. എന്‍. ജയരാജ് - കേരള കോണ്‍. -3897 വോട്ടുനില (2016 നിയമസഭ)
ഡോ. എന്‍. ജയരാജ്
-കേ.കോ.എം. - 53126
വി.ബി. ബിനു -സി.പി.ഐ. -49236
വി.എന്‍. മനോജ് -ബി.ജെ.പി. -31411
ഭൂരിപക്ഷം -3890 2020 തദ്ദേശ
തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ് - 61,118
യു.ഡി.എഫ് - 44,648
ബി.ജെ.പി - 29,590
ഭൂരിപക്ഷം: 16470 ആകെ വോട്ടർമാർ
പുരുഷന്മാർ -90,178
സ്ത്രീകൾ -94,246
ട്രാൻസ്ജെൻഡർ -1
മൊത്തം -1,84,425
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.