കൂട്ടുകാരന് ഓണസമ്മാനമായി വീടൊരുക്കി സഹപാഠികൾ
text_fieldsകാഞ്ഞിരപ്പള്ളി: ഇത് മനസ്സറിഞ്ഞുള്ള ഓണസമ്മാനം. രണ്ടാംക്ലാസുകാരനായ സഹപാഠിക്ക് അന്തിയുറങ്ങാൻ വീടൊരുക്കി കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്മെൻറും ചേർന്നാണ് രണ്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് 15 ലക്ഷം രൂപ ചെലവഴിച്ച് വീടു നിർമിച്ച് നൽകിയത്.
ക്ലാസിലെ അധ്യാപികയായ ആശാ കുട്ടികളുടെ ഭവനസന്ദർശനവേളയിലാണ് വീടിെൻറ ശോച്യാവസ്ഥ മനസ്സിലാക്കിയത്. തുടർന്ന് അന്നത്തെ പ്രിൻസിപ്പൽ ഫാ. സണ്ണി മണിയാക്കുപാറ, സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ എന്നിവർ വീട്ടിലെത്തുകയും പുതിയ വീട് നിർമാണമെന്ന ആശയം നടപ്പാക്കുകയുമായിരുന്നു. 'സഹപാഠിക്ക് ഒരു കൈത്താങ്ങ്' പദ്ധതി ആവിഷ്കരിക്കുകയും വീടുനിർമാണത്തിന് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു.
സിറ്റൗട്ട്, ഹാൾ, മൂന്നു കിടപ്പുമുറി, അടുക്കള, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെ 1200 ചതുരശ്രയടി വീട് നിർമാണം പൂർത്തിയായി.ഓണസമ്മാനമായി വീടിെൻറ താക്കോൽ സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ കൈമാറി.
പ്രിൻസിപ്പൽ ഫാ. ജോഷി വാങ്ങിയ പുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. മനു മാത്യു, അസി. വികാരി ഫാ. ജോബി അറയ്ക്കപറമ്പിൽ, പി.ടി.എ പ്രസിഡൻറ് ജോസ് ആൻറണി, അധ്യാപിക ആശാ മണിമല, ഓഫിസ് സ്റ്റാഫ് സെബാസ്റ്റ്യൻ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കാളികളായി. വീടുനിർമാണത്തിന് ആവശ്യമായ ഇലക്ട്രിക് സാധനങ്ങൾ, പെയിൻറ്, വാതിലുകൾ എന്നിവ സംഭാവന ചെയ്ത സ്ഥാപനം ഉടമകളെ യോഗത്തിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.