താഹ ഇക്കുറി സ്വന്തംപേരിൽ വോട്ട് തേടും
text_fieldsകാഞ്ഞിരപ്പള്ളി: നൂറുകണക്കിന് സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടുതേടിയ താഹ, ഒടുവില്‍ സ്ഥാനാര്‍ഥിയായി. മൂന്നര പതിറ്റാണ്ട് അനൗണ്സര് വേഷമണിഞ്ഞ് പലർക്കായി വോട്ടഭ്യർഥിച്ച താഹ ഇക്കുറി സ്വന്തംപേരിൽ വോട്ട് തേടും.
കമ്യൂണിസ്റ്റുകാരനായിരുന്ന താഹയുടെ അനൗണ്സര് ജോലിക്കും പ്രത്യേകതയുണ്ടായിരുന്നു. രാഷ്ട്രീയ അനൗണ്‍സ്മെൻറ് സി.പി.എമ്മിനും ഇടതുമുന്നണിക്കും മാത്രം. എതിര് രാഷ്ട്രീയ പാര്‍ട്ടി എത്ര തുക തന്നാലും ആ ജോലി ഏറ്റെടുക്കില്ല. 1986 മുതല്‍ രാഷ്ട്രീയ അനൗണ്‍സ്മെൻറ് നടത്തി വരുന്ന എം.എസ്. താഹ കാഞ്ഞിരപ്പള്ളി പഞ്ചായത്തിെൻറ പത്താം വാര്‍ഡിലാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എറണാകുളം, ഒറ്റപ്പാലം, കോട്ടയം തുടങ്ങി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ അനൗണ്‍സറായി പോയിട്ടുണ്ട്. ശബ്ദ ഗാംഭീര്യമുള്ള അനൗണ്‍സ്മെൻറ് എതിരാളികള്‍പോലും കൗതുകത്തോടെ ശ്രദ്ധിക്കുമായിരുന്നു.
21ാം വയസ്സില്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്ത ചടങ്ങില്‍ അവതാരകനായത് മറക്കാനാവിെല്ലന്ന് താഹ പറയുന്നു. ദേശീയപാത 183 െൻറ ഓരത്ത് കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് എതിര് വശത്തായി ഹോട്ടലും പലചരക്കുകടയും നടത്തുന്ന താഹ സ്ഥാപനം തെരഞ്ഞെടുപ്പ് കഴിയും വരെ ഭാര്യാ സഹോദരനെ ഏല്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ സി.പി.എം കാഞ്ഞിരപ്പള്ളി ഇടപ്പള്ളി ബ്രാഞ്ച് അംഗമായ താഹ നേരത്തേ കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പലര്‍ക്കായി പറഞ്ഞ് ഇപ്പോള്‍ സ്വന്തം കാര്യവും പറയാന്‍ അവസരം ലഭിച്ച താഹ തനിക്ക് വോട്ട് ഉറപ്പിക്കാന്‍ വോട്ടര്‍മാരെ കണ്ടു കൊണ്ടിരിക്കുകയാണ്. അനൗണ്സറായല്ല, സ്ഥാനാര്‍ഥിയായി ശബ്ദംകുറച്ചു തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.