പൊലീസിന്റെ മോക്ഡ്രില്ലിൽ വട്ടംകറങ്ങി നാട്ടുകാർ
text_fieldsകാഞ്ഞിരപ്പള്ളി: ആറു വയസുകാരനെ ‘തട്ടികൊണ്ട്’ പോയെന്ന പ്രചരണം പൊലീസിന്റെ മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം.
ആറു വയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം പരന്നതോടെ കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറിയത് ആശങ്കയുടെ നിമിഷങ്ങൾ. കൺട്രോൾ റൂമിൽ നിന്നാണ് വയർലെസ് സെറ്റിലേയ്ക്ക് പൊലീസിന് സന്ദേശമെത്തിയത്. വെള്ള വാഹനത്തിൽ ആറുവയസുകാരനെ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു സന്ദേശം.
ഇതോടെ കാഞ്ഞിരപ്പള്ളിയിലെയും പൊൻകുന്നത്തെയും അടക്കം ജില്ലയിലെ പൊലീസ് സംഘമൊന്നാകെ അലർട്ടായി. ദേശീയപാതയിലടക്കം എങ്ങും വാഹനപരിശോധന തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ അടക്കം സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെ എ.കെ.ജെ.എം സ്കൂളിലെ കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതെന്ന് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും ശക്തമായി.
അതോടെ സ്കൂളിലേക്ക് ഫോൺകോളുകളുടെ പ്രവാഹമായി. ചില ഓൺലൈൻ മാധ്യമങ്ങൾ, തട്ടിക്കൊണ്ട് പോകൽ സ്ഥിരീകരിച്ച് വാർത്തകൂടി നൽകിയതോടെ സമൂഹമാധ്യമങ്ങളിലൊന്നാകെ പ്രചരിച്ചു.
സ്കൂളിൽ, തന്റെ ക്ലാസിലെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ അധ്യാപകരിൽ ചിലർ രക്ഷിതാക്കളെ വിളിച്ചു. ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കുട്ടിയുടേതെന്ന് കരുതുന്ന ചിത്രവും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു .
എന്നാൽ ഈ സമയമത്രയും ഫോൺ കോൾ വന്നതുമാത്രം സ്ഥിരീകരിച്ച പൊലീസ്, ഫോൺ നമ്പർ കണ്ടെത്താനായിട്ടില്ലെന്നും തട്ടിക്കൊണ്ട് പോയ വിവരം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നും അറിയിച്ചു. ഒപ്പം ജില്ലയിൽ ഏതെങ്കിലും സ്റ്റേഷനിൽ തട്ടിക്കൊണ്ട് പോകൽ സംബന്ധിച്ച് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണന്നും വ്യക്തമാക്കി.
മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായി വയർലെസ് സന്ദേശമെത്തിയതോടെ അന്വേഷണം അവസാനിപ്പിച്ചതായി പൊലീസിന്റെ അറിയിപ്പ് എത്തി. ഏറ്റവും ഒടുവിൽ തട്ടിക്കൊണ്ട് പോകലും കണ്ടെത്തലും എല്ലാം മോക്ഡ്രില്ലിന്റെ ഭാഗമാണന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ ആശങ്കകൾക്കെല്ലാം അവസാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.